പാറശാല > കേരള, തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് പൊലീസ്. അതിർത്തി പങ്കിടുന്ന ഇടറോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. തീരദേശ മേഖലയുൾപ്പെടുന്ന തമിഴ്നാട് ഭാഗത്തെ റോഡുകളും മലയോര റോഡുകളിൽനിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളുമാണ് തമിഴ്നാട് അധികൃതർ അടച്ചത്. ഊടുവഴികളിലൂടെ ആളുകളെത്തുന്നതിനാൽ തമിഴ്‌നാട്ടിലെ ഇടറോഡുകൾ വരെ അടച്ചിടുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചത്.
തമിഴ്‌നാട്ടിലടക്കം രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് അധികൃതർ കൂടുതൽ നടപടികളിലേക്ക് നീങ്ങിയത്. അതിർത്തിയിലെ കേരളത്തിൽനിന്നുള്ള റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തി. ബാരിക്കേഡിനു സമീപം ഒരാൾക്ക് കഷ്ടിച്ചു നടന്നുപോകാം. ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങളിലുള്ളവരുടെ വിവരശേഖരണം നടത്തി ഇവർക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. റിസൽട്ട് മൊബൈൽഫോൺ വഴി അറിയിക്കും. പോസിറ്റീവ് ആണെങ്കിൽ ആരോഗ്യ പ്രവർത്തകർക്ക് വിവരം കൈമാറും. ലക്ഷണമുള്ളവരെ താപനില പരിശോധിച്ച ശേഷം മടക്കി അയക്കുന്നു. സ്ഥിതിഗതി വിലയിരുത്തിയ ശേഷം കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് തമിഴ്നാട് അധികൃതർ അറിയിച്ചു.
ഇടറോഡുകളായ കാക്കവിള, കൊല്ലംകോട്, ഊരമ്പ്, നിദ്രവിള, ചൂഴാൽ, പളുകൽ, അടക്കാകുഴി, കോഴിവിള, മുള്ളുവിള, പുലക്കാവിള, മലയടി, മൂവോട്ടുകോണം, കന്നുമാമൂട്, രാമവർമൻച്ചിറ, തോലടി, പുന്നാക്കര, ഉണ്ടൻകോട്, ചെറിയകൊല്ല, കൈവൻകാല, പുലിയൂർശാല, പനച്ചമൂട്, ആറാട്ടുകുഴി, കടുക്കറ, ശൂരവകാണി, ആറുകാണി തുടങ്ങിയവയിൽ പരിശോധനയുണ്ട്. പ്രധാന ജങ്‌ഷനുകളിലും ശക്തമായ നിരീക്ഷണമുണ്ട്.
ദേശീയപാതയിലെ അതിർത്തിയായ കളിയിക്കാവിളയിലും തമിഴ്നാട് പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. ദൂരയാത്ര പോകുന്നവർക്ക് ഇ പാസ് നിർബന്ധമാണ്. തമിഴ്‌നാട്ടിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പോകുന്നവരുടെ വിവരങ്ങൾ തിരക്കി അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..