17 April Saturday

പ്രതി ആർഎസ്‌എസ്‌ എങ്കിൽ മനോരമയ്‌ക്ക്‌ ഒടുക്കത്തെ ‘സംശയം’; സ്വന്തം വായനക്കാരോടുപോലും നീതിപുലർത്താത്ത പത്രം

സ്വന്തം ലേഖകൻUpdated: Saturday Apr 17, 2021

തിരുവനന്തപുരം > സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾ ആർഎസ്‌എസ്‌ ആണെങ്കിൽ മനോരമ പത്രത്തിന്‌ ഒരിക്കലും തീരാത്ത സംശയം. ആലപ്പുഴ വള്ളികുന്നത്ത്‌ അതിദാരുണമായി ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ പത്താംക്ലാസ്‌ വിദ്യാർഥി അഭിമന്യുവിന്റെ ഘാതകരെ മനോരമ മറച്ചുവച്ചത്‌ ഈ ‘സംശയം’കൊണ്ട്‌. അതേസമയം, ഏതെങ്കിലും സംഭവത്തിൽ പ്രതികൾ സിപിഐ എം  പ്രവർത്തകരാണെന്ന്‌ ആരോപണമുയർന്നാൽപ്പോലും നിസ്സംശയം റിപ്പോർട്ട്‌ ചെയ്യുന്നത്‌ ‘സിപിഐ എമ്മുകാരായ പ്രതികൾ’ എന്നാണ്‌.

ശനിയാഴ്‌ച ഇറങ്ങിയ പത്രത്തിൽ മൻസൂർ വധക്കേസിലെ കീഴടങ്ങിയതും അറസ്റ്റിലായതുമായ പ്രതികളെ ‘സിപിഐ എം പ്രവർത്തകരായ’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാൽ, അഭിമന്യു വധക്കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്ത വാർത്തയിൽ പ്രതികൾ ആരാണെന്ന്‌ വ്യക്തമാക്കാൻ തയ്യാറായില്ല. ‘ചോദ്യം ചെയ്താലേ  ഇവർ ആർഎസ്‌എസ്‌ ആണോ എന്നറിയൂ’ എന്ന് പൊലീസ്‌ പറഞ്ഞുവെന്ന് കൂട്ടിച്ചേർത്തിട്ടുമുണ്ട്. തങ്ങൾ ആർഎസ്‌എസ്‌ പ്രവർത്തകരാണെന്ന്‌ പിടിയിലായ സജയ്‌ ജിത്തും ജിഷ്ണു തമ്പിയും പൊലീസിനോട്‌ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്‌. പ്രതികൾ ആർഎസ്‌എസ്‌ ശാഖയിൽ യൂണിഫോം അണിഞ്ഞ്‌ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്‌. എന്നിട്ടും, മനോരമയുടെ ‘സംശയം’ തീരുന്നില്ല.

അഭിമന്യുവിന്റെ കൊലപാതകം റിപ്പോർട്ട്‌ ചെയ്‌തപ്പോഴും പ്രതികൾ ആർഎസ്‌എസുകാരാണെന്ന്‌ സിപിഐ എം ആരോപിക്കുന്നു എന്നാണ്‌ പത്രം പറഞ്ഞത്‌. സിപിഐ എം വിരോധത്തിന്റെ പേരിൽ സ്വന്തം വായനക്കാരോടുപോലും നീതിപുലർത്താൻ കഴിയാത്ത പത്രത്തിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധമുയർന്നു. മുമ്പും ആർഎസ്‌എസുകാർ പ്രതികളായ കൊലക്കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോഴും ഇതേ സമീപനം. പതിവ്‌ ‘മനുഷ്യത്വ’വാദമൊക്കെ സിപിഐ എം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ മനോരമ മറക്കും. അല്ലാത്തപ്പോൾ രക്തസാക്ഷികളോടും അവരുടെ കുടുംബത്തോടും കപടസ്‌നേഹം കാണിച്ച്‌ കണ്ണീർപരമ്പരകളും പടയ്‌ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top