കൊച്ചി > നോർത്ത് പരമാര റോഡിൽ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് "ആക്ഷൻ ഹീറോ ബിജു' സിനിമയിലെ പ്രധാനഗുണ്ട. നിരവധി സ്‌റ്റേഷനുകളിൽ ക്രിമിനൽ കേസുകളുള്ള, സിനിമാ, സീരിയൽ നടൻകൂടിയായ തൃക്കാക്കര സ്വദേശി പ്രസാദിനെ ഇന്നലെയാണ് എക്‌സൈസ് പിടികൂടിയത്. അബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ തുടക്കത്തിലും ക്ലൈമാക്‌സിലും ശ്രദ്ധിക്കപ്പെടുന്ന റോളാണ് പ്രസാദിന്റേത്. ബിജു എന്ന നിവിൻ പോളിയുടെ നായക കഥാപാത്രത്തെ കുത്തിവീഴ്‌ത്തുന്ന പ്രധാന ഗുണ്ടയും പ്രസാദ് തന്നെയാണ്. ഇബ, കർമാനി എന്നി സിനിമകളിൽ വില്ലൻ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോഫിൻ, 15 ഗ്രാം കഞ്ചാവ് എന്നിവയും ഒരു കത്തിയും ഇയാളിൽ നിന്നു പിടികൂടി. പ്രസാദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അക്രമക്കേസ് നിലവിലുണ്ട്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. സിഐ അൻവർ സാദത്ത്, പ്രിവന്റിവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി, ജയിംസ്, സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവരാണു പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..