കണ്ണൂർ
അനധികൃത നിയമനം ആരോപിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി എം സഹല. ഷംസീറിനെ പൊതുജനമധ്യത്തിൽ അപമാനിക്കുകയാണ് ലക്ഷ്യം. കണ്ണൂർ സർവകലാശാല എച്ച്‌ആർഡി അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ദുഷ്‌പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
‘‘മതിയായ യോഗ്യതയുള്ളതിനാലാണ് അപേക്ഷിച്ചത്. വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചതിലും കൂടുതൽ യോഗ്യതയുണ്ട്. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി ഇന്റർവ്യൂ നടക്കുന്നതേയുള്ളൂ. ഇന്റർവ്യൂവിനു മുമ്പുതന്നെ എനിക്കാണ് നിയമനമെന്ന് ആരോപണമുന്നയിക്കുന്നവർ എങ്ങനെ അറിഞ്ഞു? വെറും ആരോപണമല്ല. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഒരാൾ എന്നെയടക്കം പ്രതിയാക്കി ഹൈക്കോടതിയിൽ ഹർജിയും നൽകി. കൃത്യമായ ഗൂഢാലോചനയുണ്ടെന്നു വ്യക്തമല്ലേ’–- സഹല ചോദിക്കുന്നു.
മാനസികമായി തളർത്തി അഭിമുഖത്തിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അങ്ങനെ തോറ്റുകൊടുക്കാനാവില്ലല്ലോ. അതുകൊണ്ടാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഈ ജോലിക്കായി അവസാനംവരെയും പൊരുതും. കാരണം എനിക്ക് അത്രയ്‌ക്കും മനഃപ്രയാസമുണ്ട്. 2009ൽ യുജിസി ജെആർഎഫ് നേടിയ ആളാണ്. പിഎച്ച്‌ഡിയുമുണ്ട്. എംഎൽഎയുടെ ഭാര്യയാണെന്നത് എങ്ങനെ അയോഗ്യതയാകും? നിശ്‌ചിത അക്കാദമിക് യോഗ്യതകളും പ്രവൃത്തി പരിചയവും ഉണ്ടോ എന്നല്ലേ പരിശോധിക്കേണ്ടത്?
കട്ട് ഓഫ് മാർക്ക് കുറച്ച് സഹലയെ ഉൾപ്പെടുത്താനാണ് അഭിമുഖത്തിന് മുപ്പതുപേരെ വിളിച്ചതെന്ന ആക്ഷേപത്തോടും അവർ രൂക്ഷമായി പ്രതികരിച്ചു. ‘മുപ്പതല്ല, അഞ്ചുപേരെ വിളിച്ചാലും ഞാനുണ്ടാകും. അത്രയ്‌ക്കും ഉയർന്ന സ്‌കോറാണ് എന്റേത്. മൂന്നു വർഷത്തെ അധ്യാപന പരിചയമാണ് ആവശ്യം. എനിക്ക് അഞ്ചു വർഷമുണ്ട്. അഞ്ചു പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണം. ഞാൻ ഒമ്പതു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് ഇന്റർനാഷണൽ പേപ്പർ ഉൾപ്പെടെ 19 സെമിനാർ പേപ്പറുകളുമുണ്ട്’.2010 മുതൽ താൻ വേട്ടയാടപ്പെടുകയാണെന്നും സഹല പറഞ്ഞു.
ആരോപണങ്ങൾ വിചിത്രം: സർവകലാശാല
എച്ച്‌ആർഡി അസിസ്‌റ്റന്റ് ഡയറക്ടർ നിയമന അഭിമുഖത്തിന്റെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്ന് കണ്ണൂർ സർവകലാശാല അധികൃതർ വ്യക്തമാക്കി. അഭിമുഖത്തിന് എത്രപേരെ വിളിക്കണമെന്നത് അതതു സർവകലാശാലകൾക്കു തീരുമാനിക്കാം. ഉയർന്ന സ്‌കോറുള്ള പരമാവധി പേർക്ക് അവസരം നൽകുക എന്നതാണ് പൊതുവിലുള്ള മാനദണ്ഡം. കുസാറ്റ് പ്രത്യേക ഓൺലൈൻ പരീക്ഷ നടത്തി അതിൽ ഉയർന്ന സ്‌കോറുള്ള പത്തുപേരെയാണ് വിളിക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ അപേക്ഷിച്ച നൂറിൽപ്പരംപേരെ അഭിമുഖത്തിനു വിളിച്ച മുൻ അനുഭവമുണ്ട്. ഏതെങ്കിലും ഉദ്യോഗാർഥിയെ കണ്ടല്ല ഇത്തവണ മുപ്പതുപേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് തിരക്കിട്ട് അഭിമുഖം നടത്തുന്നുവെന്ന ആക്ഷേപവും തെറ്റാണ്. നിയമനം നടത്തരുതെന്നേയുള്ളൂ. അഭിമുഖം നടത്തുന്നതിന് പെരുമാറ്റച്ചട്ടം ബാധകമല്ല. കലിക്കറ്റ്, മലയാളം സർവകലാശാലകളും നടത്തിയിട്ടുണ്ട്. ഇതേ പെരുമാറ്റച്ചട്ടം നിലനിൽക്കെ പിഎസ്‌സിയും യുപിഎസ്‌സിയും നിയമന വിജ്ഞാപനവും പുറപ്പെടുവിച്ചതും ഇക്കാര്യം സാധൂകരിക്കുന്നു.
ഡയറക്ടറെ നിയമിക്കാതെ അസിസ്‌റ്റന്റ് ഡയറക്ടറെ നിയമിക്കുന്നതിൽ ദുരൂഹത ആരോപിക്കുന്നതും വിചിത്രമായ വാദമാണെന്ന് സർവകലാശാല വ്യക്തമാക്കി. മാർച്ച് 31നാണ് ഡയറക്ടർ വിരമിച്ചത്. തസ്‌തിക ഒഴിഞ്ഞ് രണ്ടാഴ്‌ചക്കകം നിയമനം നടത്താൻ കഴിയുമോ. അസിസ്റ്റന്റ് നിയമനത്തിന് 2020 ജൂൺ 30നാണ് അപേക്ഷ ക്ഷണിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..