ന്യൂഡൽഹി
രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നതോടെ മിക്ക സംസ്ഥാനങ്ങളിലും മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം. പ്രതിസന്ധി മറികടക്കാൻ 50,000 മെട്രിക് ടൺ ഇറക്കുമതിചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങി. രാജ്യത്തെ മെഡിക്കൽ ഓക്‌സിജന്റെ ഉൽപ്പാദനവും വിതരണവും വിലയിരുത്താൻ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉന്നതതലയോഗം വിളിച്ചിരുന്നു.
മഹാരാഷ്ട്രയിൽ 1250 ടൺ മെഡിക്കൽ ഓക്‌സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്. നിലവിൽ ഇത് മുഴുവൻ ഉപയോഗിക്കുന്നുണ്ട്. ഉൽപ്പാദനം അടിയന്തരമായി വർധിപ്പിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കും. സംസ്ഥാനത്ത് 6.38 ലക്ഷം രോഗികൾ ചികിത്സയിലുണ്ട്. ഇവരിൽ ഏകദേശം 60,000–-65,000 രോഗികൾക്ക് സ്ഥിരമായി ഓക്‌സിജൻ നൽകണം. ഛത്തീസ്‌ഗഢിൽനിന്നും ഗുജറാത്തിൽനിന്നുമായി 50 ടൺവീതം ഓക്‌സിജൻ ദിവസവും സ്വീകരിച്ചാണ് മഹാരാഷ്ട്ര പിടിച്ചുനിൽക്കുന്നത്.
മധ്യപ്രദേശിൽ ഏകദേശം 60,000 രോഗികൾ ചികിത്സയിലുണ്ട്. ഗുരുതരാവസ്ഥയിലുള്ളവർക്കായി ദിവസവും 250 ടൺ ഓക്‌സിജൻ ആവശ്യമുണ്ട്. മധ്യപ്രദേശിൽ ഓക്‌സിജൻ പ്ലാന്റുകളില്ലാത്തതിനാൽ ഗുജറാത്ത്, ഛത്തീസ്‌ഗഢ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലും സ്ഥിതി മോശമാവുന്നതിനാൽ ഓക്‌സിജൻ വിതരണം മുടങ്ങുമോയെന്ന ആശങ്കയുണ്ട്. ഗുജറാത്തിൽ അരലക്ഷത്തോളം രോഗികൾ ചികിത്സയിലുണ്ട്. ദിവസം 500 ടൺ മെഡിക്കൽ ഓക്‌സിജൻ വേണം.
രാജ്യത്ത് പ്രതിദിനം 7127 മെട്രിക്‌ടൺ മെഡിക്കൽ ഓക്‌സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്. കോവിഡ് രണ്ടാംതരംഗം പിടിമുറുക്കിയതോടെ ഇത് മുഴുവൻ ഉപയോഗിക്കുന്നു. ഇതിനു പുറമെ ഉരുക്കുശാലകളിലെയും മറ്റും ഓക്‌സിജനും ചികിത്സാ ആവശ്യത്തിന് എടുക്കുന്നുണ്ട്. എന്നാൽ, ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതും മതിയാകില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..