17 April Saturday

കേരളത്തിൽ ഉയർന്ന കൂലി, 
തൊഴിൽ, ജീവിതസാഹചര്യം ; അതിഥിത്തൊഴിലാളികളുടെ പറുദീസ

പ്രത്യേക ലേഖകൻUpdated: Saturday Apr 17, 2021


കൊച്ചി
ഉയർന്ന ദിവസക്കൂലിയും കേരളത്തിലെ മികച്ച ജീവിത, തൊഴിൽ സാഹചര്യങ്ങളുമാണ്‌‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ അവിദഗ്‌ധ തൊഴിലാളികളുടെ വരവ്‌  വർധിക്കാൻ കാരണമെന്ന്‌ പഠനറിപ്പോർട്ട്.‌ വർഷംമുഴുവൻ തൊഴിൽ ലഭ്യത, വ്യത്യസ്‌ത മേഖലകളിൽ  തൊഴിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരം, മറ്റു സംസ്ഥാനങ്ങളിലേതുപോലുള്ള വിവേചനം ഇല്ലായ്‌മ,  സ്‌ത്രീ തൊഴിലാളികൾക്കുള്ള സുരക്ഷിതത്വം എന്നിവയും തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്കിനു കാരണമാണെന്ന്‌ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ നടത്തിയ പഠനത്തിൽ കണ്ടെത്തി. കാർഷികേതര തൊഴിലുകൾക്കുള്ള അവസരം കേരളത്തിൽ കൂടുതലാണെന്നതും  ഗ്രാമ–-നഗര വ്യത്യാസമില്ലാതെ ലഭിക്കുന്ന മികച്ച ജീവിതസാഹചര്യവും അതിഥിത്തൊഴിലാളികളെ ആകർഷിക്കുന്നതായി പഠനത്തിന്‌ നേതൃത്വം നൽകിയ സിഎസ്‌ഇഎസ്‌ ഡയറക്ടർ ഡോ. എൻ അജിത്‌കുമാർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ലേബർ ബ്യൂറോ കണക്കുപ്രകാരം ഉയർന്ന ശരാശരി ദിവസക്കൂലി കേരളത്തിലാണ്; 767.50 രൂപ‌. ദേശീയ ശരാശരി 320.85 രൂപ മാത്രമാണ്‌.  തമിഴ്‌നാട്‌ 557.38 രൂപ, ഹിമാചൽ പ്രദേശ്‌ 501 രൂപ. ജമ്മു കശ്‌മീർ 450 രൂപ എന്നിവയാണ്‌ അടുത്തുള്ളത്‌. ഗുജറാത്തിൽ 265 രൂപ, യുപിയിൽ 247.03 രൂപ, ഒഡിഷയിൽ 239.29 രൂപ, മധ്യപ്രദേശിൽ 222.01 രൂപ എന്നിങ്ങനെയാണ്‌ ദിവസക്കൂലി.

കേരളത്തിൽ ഉയർന്ന വിദ്യാഭ്യാസ നിരക്കുള്ളതിനാൽ  തൊഴിൽതേടി മറ്റു രാജ്യങ്ങളിൽ കുടിയേറുന്നവരുടെ നിരക്ക്‌ കൂടുന്നു‌. 20നും 34നും ഇടയിൽ‌ പ്രായമുള്ള തൊഴിലാളികളുടെ ലഭ്യത 1991ൽ 50 ശതമാനമായിരുന്നെങ്കിൽ 2011ൽ അത്‌ 38 ശതമാനമായി. അതിവേഗ നഗരവൽക്കരണവും അവിദഗ്ധ തൊഴിലിന്റെ എണ്ണം കൂട്ടി‌.  ദീർഘകാലം തൊഴിൽലഭ്യതയുള്ളതിനാൽ അവിദഗ്‌ധ തൊഴിലാളികളായെത്തി മൂന്നുനാലു വർഷത്തിനുള്ളിൽ വിദഗ്‌ധ തൊഴിലാളികളായി മാറാനാകുമെന്നുംഅജിത്‌കുമാർ പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top