16 April Friday
കർശന നടപടിയുമായി പൊലീസ്‌

നിയന്ത്രണം 
കടുപ്പിക്കുന്നു ; ഇന്നും നാളെയും രണ്ടര ലക്ഷം പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ ‌ മൂൻകൂട്ടി അറിയിക്കണം. ഇൻഡോർ പരിപാടികളിൽ പരമാവധി  75 പേർക്കും  ഔട്ട്ഡോർ പരിപാടികളിൽ 150 പേർക്കും പങ്കെടുക്കാം.

രാത്രി 9 വരെയെന്നത്‌ തീയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണ്‌. ഹോട്ടലുകളിൽ ഇരുന്ന്‌ കഴിക്കുന്നത്‌ ഒഴിവാക്കണം.  പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക്   യാത്രാസൗകര്യം ഏർപ്പെടുത്തണം.  മാളുകളിലും മാർക്കറ്റുകളിലും ആളുകൾ  കൂടുന്നത് നിയന്ത്രിക്കണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടുന്നത്‌ ശ്രദ്ധിക്കണം.

വെള്ളി, ശനി ദിവസങ്ങളിൽ  സംസ്ഥാനത്ത്‌ രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്തവരും കോവിഡ് മുന്നണി പ്രവർത്തകരും അടക്കം ഹൈ റിസ്‌ക് ആളുകളെ കണ്ടെത്തി  പരിശോധിക്കും.  വ്യാപക  പരിശോധന, കർശന  നിയന്ത്രണം,  ഊർജിത  വാക്സിനേഷൻ എന്നിവയിലൂടെ വ്യാപനം തടയാനാണ് ശ്രമമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  യോഗത്തിൽ  മന്ത്രി കെ കെ  ശൈലജ , ചീഫ് സെക്രട്ടറി വി പി  ജോയ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ  തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് നിയന്ത്രണം രണ്ടാഴ്‌ചമാത്രം
ബാറുകളും തിയറ്ററുകളും രാത്രി 9 വരെ
കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ബാറുകളും സിനിമ തിയറ്ററുകളും രാത്രി ഒമ്പതുവരെയേ പ്രവർത്തിപ്പിക്കാവൂ എന്ന്‌ ചീഫ്‌ സെക്രട്ടറി വി പി ജോയി അറിയിച്ചു. ഹോട്ടലുകൾക്കും കടകൾക്കും ബാധകമായ സമയക്രമം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്‌. അതേസമയം, ആശുപത്രികൾക്കു‌ സമീപം പ്രവർത്തിക്കുന്ന മെഡിക്കൽഷോപ്പുപോലുള്ള ചില അത്യാവശ്യ സ്ഥാപനങ്ങൾക്ക്‌ ഇളവ്‌ നൽകും. കണ്ടെയ്ൻമെന്റ്‌ സോണുകളിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്ന കാര്യത്തിൽ കലക്ടർമാർക്ക്‌ തീരുമാനമെടുക്കാം. എന്നാൽ, ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും വാക്‌സിൻ എടുത്തതിനാൽ ജിവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വെള്ളി, ശനി ദിവസങ്ങളിൽ നടപ്പാക്കുന്ന രണ്ടര ലക്ഷം കോവിഡ്‌ പരിശോധനയോടെ രണ്ടാഴ്‌ചയ്‌ക്കകം രോഗികളുടെ എണ്ണം കുറയ്‌ക്കാനാകും. അതിനാൽ, രണ്ടാഴ്‌ചമാത്രമാണ്‌ ഇപ്പോൾ നിയന്ത്രണം തീരുമാനിച്ചിട്ടുള്ളത്‌. ഇതുമായി ജനങ്ങൾ സഹകരിക്കണം. നിലവിൽ ദിനംപ്രതി 70,000 വരെ ടെസ്റ്റ്‌‌ നടത്തിയ ദിവസമുണ്ട്‌. അതിനാൽ, രണ്ട്‌ ദിവസംകൊണ്ട്‌ രണ്ടര ലക്ഷം ടെസ്റ്റ്‌‌ എന്നത്‌ സാധ്യമാണ്‌. എല്ലാ സർക്കാർ ആശുപത്രിയും പരിശോധനയ്‌ക്ക്‌ സജ്ജമാക്കിയിട്ടുണ്ട്‌.

മൊബൈൽ ടെസ്റ്റ്‌‌ യൂണിറ്റും പ്രവർത്തിക്കും. മുൻനിര പ്രവർത്തകരെയാകും പരിശോധിക്കുക. ഇതിൽ 45 വയസ്സിനു‌ താഴെയുള്ളവർക്ക്‌ പ്രത്യേക പരിഗണന നൽകും. നിലവിൽ 59,27,300 ഡോസ്‌ വാക്‌സിനാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. ഇതിൽ 7,27,300 ഡോസ്‌ വാക്‌സിനാണ്‌ ബാക്കിയുള്ളത്‌. ഇവയും ഉടൻ വിതരണം ചെയ്യും. ആവശ്യത്തിന്‌ വാസക്‌സിൻ തരാമെന്ന്‌ കേന്ദ്രം  പറഞ്ഞിട്ടുണ്ട്‌. അവ കിട്ടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.  തൃശൂർപൂരത്തിന്റെ കാര്യത്തിൽ ആഘോഷ കമ്മിറ്റിയും ജില്ലാ ഭരണകൂടവും വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്‌. കോവിഡ്‌ ടെസ്റ്റ്‌‌ നടത്തി നെഗറ്റീവായവർക്കും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്കും കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ പങ്കെടുക്കാം. സർട്ടിഫിക്കറ്റ്‌ ഉണ്ടെങ്കിൽ മാളുകൾക്കും അനുവദനീയമായതിനേക്കാൾ കൂടുതൽ  ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ, ടെസ്റ്റിനുള്ള സംവിധാനം മാൾ അധികൃതർ ഒരുക്കണം. സംസ്ഥാനം ഒരു ലോക്‌ഡൗണിലേക്ക്‌ പോകുന്ന കാര്യം ആലോചിച്ചിട്ടേ ഇല്ലെന്നും ചീഫ്‌ സെക്രട്ടറി പറഞ്ഞു. ആരോഗ്യ സെക്രട്ടറി  രാജൻ കൊബ്രഖഡെയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വ്യാഴാഴ്ച 
8126 രോഗികൾ
സംസ്ഥാനത്ത്‌ വ്യാഴാഴ്ച 8126 പേർക്ക് കോവിഡ്-. എറണാകുളത്തും (1267) കോഴിക്കോടും (1062) ആയിരത്തിലധികം രോഗികളുണ്ട്‌.  24 മണിക്കൂറിനിടെ 60,900 സാമ്പിൾ പരിശോധിച്ചു.  രോഗസ്ഥിരീകരണ നിരക്ക് 13.34 ശതമാനമാണ്.  20 മരണംകൂടി കോവിഡ്- മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4856 ആയി. ബുധനാഴ്‌ച 8778പേർക്കായിരുന്നു കോവിഡ്‌.

കർശന നടപടിയുമായി പൊലീസ്‌
കോവിഡ്‌ പ്രതിരോധത്തിന്‌ ശക്തമായ നടപടിയുമായി പൊലീസും. കണ്ടെയ്‌ൻമെന്റ്‌ സോണുകളുടെ ചുമതല പൊലീസ്‌ ഏറ്റെടുക്കും. മാർഗനിർദേശം ലംഘിച്ച്‌ ആളുകൾ കൂടിയാൽ ശക്തമായ നടപടി സ്വീകരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്‌സാഖറെയ്‌ക്കാണ്‌ ഇതിന്റെ ചുമതല. മുഖ്യമന്ത്രിയുടെ യോഗതീരുമാനപ്രകാരം വിജയ്‌സാഖറെ ജില്ലാ പൊലീസ്‌ മേധാവിമാരുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ നടത്തി.

ആൾക്കൂട്ടം എവിടെ കണ്ടാലും നടപടി സ്വീകരിക്കാനാണ്‌  നിർദേശം. മാസ്‌കില്ലാതെ ഒരാളെയും പുറത്തിറങ്ങാൻ അനുവദിക്കില്ല. ബസുകളിൽ ആളുകളെ നിർത്തിക്കൊണ്ടുപോയാൽ  നടപടിയുണ്ടാകും. ഹോട്ടലുകൾ അടക്കമുള്ളവ അനുവദിച്ച സമയത്ത്‌ അടയ്‌ക്കണം. പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചാൽ നടപടി. കണ്ടെയ്‌ൻമെന്റ്‌ സോണുകൾ തീരുമാനിച്ചാൽ അവിടത്തെ നിയന്ത്രണം കർശനമാക്കുന്ന ചുമതലയും പൊലീസ്‌ ഏറ്റെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top