വാളയാർ> ഒരു ഇടവേളയ്‌ക്കുശേഷം കേരള–തമിഴ്‌നാട് അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിനു സമീപം ഇ -പാസ് പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്‌നാട് ആരോഗ്യ, റവന്യൂ വകുപ്പും പൊലീസും അതിർത്തിയിൽ പരിശോധന കർശനമാക്കിയത്. വ്യാഴാഴ്ച ഉച്ചയോടെ പരിശോധന തുടങ്ങി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കേരളത്തിൽനിന്ന് വരുന്ന മുഴുവൻ വാഹനങ്ങൾക്കും യാത്രക്കാർക്കും ഇ പാസ് നിർബന്ധമാക്കി. ഇ പാസ് ഇല്ലാത്തവർക്ക് അതിർത്തിയിൽവച്ചുതന്നെ നൽകുന്നുമുണ്ട്.
ഫെബ്രുവരിയിൽ തമിഴ്‌നാട് ഇ പാസ് നിർബന്ധമാക്കിയതിനെത്തുടർന്ന് മലയാളികൾ അതിർത്തിയിൽ പാസില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് പരിശോധനയ്ക്ക് അയവുവന്നു. മുന്നറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച തമിഴ്‌നാട് അധികൃതർ വീണ്ടും പരിശോധന കർശനമാക്കിയത്. ഇതോടെ വ്യാഴാഴ്ച ഇ പാസ് ഇല്ലാതെ തമിഴ്‌നാട്ടിലേക്ക് പോയ യാത്രക്കാർ ദുരിതത്തിലായി.
കേരള അതിർത്തിയിൽ ഉണ്ടായിരുന്ന പഴയ പരിശോധനാ കേന്ദ്രത്തിനുപകരം ചാവടിപ്പാലം ഫ്ലൈഓവറിന് താഴെയാണ് പുതിയ പരിശോധനാ കേന്ദ്രവും ബാരിക്കേഡും സ്ഥാപിച്ചിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..