സെഞ്ചുറിയൻ
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ ഉജ്വല പ്രകടനം. 59 പന്തിൽ 122 റണ്ണടിച്ച ഈ വലംകൈയൻ മൂന്നാം ട്വന്റി–--20യിൽ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. 204 റൺ വിജയലക്ഷ്യം പിന്തുടർന്ന ബാബറും കൂട്ടരും രണ്ട് ഓവർ ബാക്കിനിൽക്കേ ജയം കണ്ടു.
ബാബറിനൊപ്പം മുഹമ്മദ് റിസ്വാനും (47 പന്തിൽ 73) മിന്നി. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 197 റണ്ണാണ് ചേർത്തത്. നാലുമത്സര പരമ്പരയിൽ പാകിസ്ഥാൻ 2–1ന് മുന്നിലാണ്. നിർണായകമായ അവസാനകളി ഇന്നാണ്. സ്കോർ: ദ. ആഫ്രിക്ക 5–--203, പാകിസ്ഥാൻ 1–--205 (18).
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഓപ്പണർമാരായ ജന്നെമാൻ മലനും (55), ഐദെൻ മാർക്രവും (63) ചേർന്നാണ് മികച്ച സ്കോർ ഒരുക്കിയത്. എന്നാൽ ബാബറിനുമുന്നിൽ അവർ തലകുനിച്ചു. 49 പന്തിൽ ഇരുപത്താറുകാരൻ 100 കണ്ടു. നാല് സിക്സറും 15 ബൗണ്ടറിയും പായിച്ചു. കഴിഞ്ഞ ദിവസം വിരാട് കോഹ്‌ലിയെ മറികടന്ന് ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു ബാബർ. 2017 മുതൽ കോഹ്‌ലിയായിരുന്നു ഈ സ്ഥാനത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..