തൃശൂർ
തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ശനിയാഴ്‌ച. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റം. കോവിഡ് മാനദണ്ഡം പാലിച്ചാണ് കൊടിയേറ്റ ചടങ്ങ് നടക്കുക.
തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. ദേശക്കാരാണ് കൊടിമരമുയർത്തുക. പകൽ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.
പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരമൊരുക്കും. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരമുയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റശേഷം എഴുന്നള്ളിപ്പ് തുടങ്ങും. ഗജവീരൻ പത്മനാഭൻ കോലമേന്തും. വടക്കുന്നാഥനിലെ കൊക്കർണിയിലാണ് ആറാട്ട്.
തൃശൂർ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർത്യായനീ ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും ശനിയാഴ്‌ചതന്നെ വിവിധ സമയങ്ങളിൽ കൊടിയേറ്റം നടത്തും. ഏപ്രിൽ 23നാണ് തൃശൂർ പൂരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..