ന്യൂഡൽഹി
വീട്ടിലെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടി ജഡ്‌ജിമാരാകാൻ പല വനിതാ അഭിഭാഷകരും വിസമ്മതിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ‘പല ഹൈക്കോടതികളിലും ജഡ്‌ജിപദവി ഏറ്റെടുക്കാൻ വനിതാ അഭിഭാഷകരോട് ആവശ്യപ്പെടുമ്പോൾ അവർ അത് നിഷേധിക്കുന്നതായി റിപ്പോർട്ടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങളും കുട്ടികളുടെ പഠനവും മറ്റും ചൂണ്ടിക്കാട്ടിയാണ് പലരും ഒഴിഞ്ഞുമാറുന്നത്’–- യോഗ്യതയുള്ള വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന സുപ്രീംകോടതി വിമെൻ ലോയേഴ്‌സ് അസോസിയേഷന്റെ ഹർജി പരിഗണിക്കവെ അദ്ദേഹം പറഞ്ഞു.
മൂന്നംഗബെഞ്ചിൽ അംഗമായ ജസ്റ്റിസ് സഞ്‌ജയ് കിഷൻകൗളും ഇതിനെ പിന്തുണച്ചു.
സുപ്രീംകോടതി വിമെൻ ലോയേഴ്‌സ് അസോസിയേഷനുവേണ്ടി അഡ്വ. സ്‌നേഹാകലിതയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാജ്യത്ത് 11 ശതമാനം വനിതകൾമാത്രമേ ജഡ്‌ജിപദവിയിലുള്ളൂവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
‘വനിതാ അഭിഭാഷകർ ഹൈക്കോടതികളിൽമാത്രം ജഡ്‌ജിയായാൽ മതിയോ? സുപ്രീംകോടതിക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’–- എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എന്നാൽ, ഈ അവസരത്തിൽ ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..