കൊച്ചി > രാത്രി ജോലി വിലക്കുന്ന വ്യവസ്ഥയുടെ പേരിൽ യോഗ്യരായ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമനം പുരുഷന്മാർക്കു മാത്രമായി നിജപ്പെടുത്തി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാണ് ഉത്തരവ്.
സേഫ്റ്റി ഓഫീസർ തസ്‌തികയിലേക്ക് സ്ത്രീകളെ ഒഴിവാക്കിയ ചവറ കെഎംഎംഎലിന്റെ നടപടി ചോദ്യം ചെയ്‌ത് കൊല്ലം ശക്തികുളങ്ങര സ്വദേശിനി തെരേസ ജോഫിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. എൻജിനിയറിങ് യോഗ്യതയുള്ള തെരേസ, കമ്പനിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു.
സ്ത്രീകൾക്ക് അപേക്ഷാ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിജ്ഞാപനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകൾക്ക് രാവിലെ ആറുമുതൽ രാത്രി ഏഴുവരെ ജോലി ചെയ്യാനേ അനുമതിയുള്ളൂവെന്ന് കമ്പനി ബോധിപ്പിച്ചു. ഫാക്ടറീസ് ആക്ടിലെ ഈ വ്യവസ്ഥ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും അർഹമായ അവകാശം നിഷേധിക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരിയുടെ അപേക്ഷ പരിഗണിക്കാനും കമ്പനിക്ക് കോടതി നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..