കണ്ണൂർ > കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു പോരിന്റെ ഇരയാണ് ചാരക്കേസിൽപ്പെടുത്തി പീഡിപ്പിക്കപ്പെട്ട ശാസ്‌ത്രജ്ഞൻ നമ്പി നാരായണനെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ താഴെയിറക്കി എ കെ ആന്റണിയെ പ്രതിഷ്‌ഠിക്കാൻ ഉമ്മൻചാണ്ടിയും കൂട്ടരുമാണ് ചാരക്കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സി കണ്ണൻ ചരമവാർഷികാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഇ പി.
നമ്പി നാരായണനോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. ഈ ഗവൺമെന്റാണ് തുക നൽകിയത്. യഥാർഥത്തിൽ കെപിസിസിയായിരുന്നു നഷ്ടപരിഹാരം കൊടുക്കേണ്ടിയിരുന്നത്. അല്ലെങ്കിൽ ഉമ്മൻചാണ്ടി.എന്നാൽ, ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി ഇടതുപക്ഷത്തെ നിരന്തരം വേട്ടയാടുന്ന ഏതെങ്കിലും മാധ്യമം ഇതു പറയുന്നുണ്ടോ. പറയില്ല. അവർക്കെല്ലാം കൃത്യമായ രാഷ്‌ട്രീയ താൽപര്യമുണ്ട്. അതുകൊണ്ടാണ് കെ ടി ജലീലിനെ രാജിവച്ച ശേഷവും പിന്തുടർന്ന് വേട്ടയാടുന്നത്. ലോകായുക്ത നിയമപരമായ വഴിക്കല്ല സഞ്ചരിച്ചതെന്ന് വാദിക്കോ പ്രതിക്കോ അഭിപ്രായമുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിച്ചുകൂടെ. അതിലെന്താണ് തെറ്റ്. എന്നാൽ ജലീൽ പോകാൻ പാടില്ലെന്നാണ് വലതുപക്ഷ ശക്തികളുടെയും അവരുടെ മാധ്യമങ്ങളുടെയും നിലപാട്. അഴിമതിയിൽ പൂണ്ടുകിടക്കുന്ന ഒരു ലീഗ് നേതാവ് വീണ്ടും സ്ഥാനാർഥിയായത് ഒരു മാധ്യമത്തിനും പ്രശ്‌നമായില്ല. ഇപ്പോഴിതാ അയാളുടെ വീട്ടിൽനിന്ന് കള്ളപ്പണവും പിടിച്ചു. എന്തുപറഞ്ഞ് രക്ഷപ്പെടാമെന്ന് ബുദ്ധിയുപദേശിച്ചുകൊടുക്കുകയാണ് മാധ്യമങ്ങൾ.
കോവിഡ് പ്രതിരോധത്തിലും വാക്‌സിൻ ലഭ്യമാക്കുന്നതിലും കേന്ദ്ര സർക്കാർ എത്ര വലിയ അനാസ്ഥയാണ് കാണിക്കുന്നത്. ഡൽഹിയിൽ ലക്ഷക്കണക്കിന് കൃഷിക്കാർ തങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ ഉന്നയിച്ച് എത്രമാസമായി സമരത്തിലാണ്. 350ൽപരം പേർ സമരമുഖത്തു തന്നെ മരിച്ചു. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങൾക്ക് വിഷയമേയല്ല. അന്തിച്ചർച്ചയുമില്ല, പകൽ ചർച്ചയുമില്ല–- ഇ പി ജയരാജൻ പറഞ്ഞു. കെ പി സഹദേവൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..