16 April Friday

കുംഭമേളയില്‍ രണ്ടായിരത്തോളം പേർക്ക്‌ കോവിഡ്‌ ; വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021


ന്യൂഡൽഹി
ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർക്ക്‌ കോവിഡ്‌. കഴിഞ്ഞ 10 മുതൽ 14 വരെ നടന്ന കുംഭമേള സ്‌നാനങ്ങളിൽ ദശലക്ഷങ്ങളാണ് പങ്കെടുത്തത്‌‌. ബഹുഭൂരിപക്ഷവും മാസ്‌ക്‌ ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്‌തില്ല. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തേരി, ഡെറാഡൂൺ ജില്ലകളിലായാണ് കുംഭമേള നടക്കുന്നത്‌. ഏപ്രിൽ 30 വരെ ചടങ്ങുകള്‍ തുടരും. മധ്യപ്രദേശിലെ സന്യാസി സമൂഹം ‘മഹാ നിർവാണി അഘാര’യുടെ മേധാവി (മഹാമണ്ഡലേശ്വർ) സ്വാമി കപിൽ ദേവ്‌ കോവിഡിന്‌ ഇരയായി. കുംഭമേളയിൽ പങ്കെടുക്കാനെത്തി കോവിഡ്‌ ബാധിച്ച ഇദ്ദേഹം ഹരിദ്വാറിലെ കൈലാഷ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഗംഗയുടെ അനുഗ്രഹം‌, കോവിഡ്‌ ഉണ്ടാകില്ല: ‌ 
മുഖ്യമന്ത്രി
കോവിഡ്‌ വ്യാപനത്തിന്റെ കാര്യത്തിൽ കുംഭമേളയെ ഡൽഹിയിൽ കഴിഞ്ഞവർഷം നടന്ന തബ്‌ലീഗി സമ്മേളനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി തിരാത്‌ സിങ്‌ റാവത്ത്‌ പറഞ്ഞു. വിദേശികൾ അടച്ചിട്ട ഹാളിൽ ഒത്തുചേർന്നാണ്‌ ‌ തബ്‌ലീഗി സമ്മേളനം നടത്തിയത്‌. എന്നാൽ, കുംഭമേളയിൽ പങ്കെടുക്കുന്നത്‌  ഇന്ത്യക്കാരാണ്‌. ഗംഗയിൽ പരസ്യമായാണ്‌ അവർ സ്‌നാനം നടത്തുന്നത്‌. ഗംഗയുടെ അനുഗ്രഹമാണ്‌ ഒഴുകുന്നത്‌. അതിനാൽ കോവിഡ്‌ ഉണ്ടാകില്ല. ആരോഗ്യത്തിന്‌ മുൻഗണന നൽകുമ്പോഴും വിശ്വാസം അവഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ
കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ കുംഭമേളയ്‌ക്കായി ലക്ഷത്തിൽപ്പരം ആളുകളെ  തിങ്ങിക്കൂടാൻ അനുവദിച്ചതിനെ വിമർശിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍. രോ​ഗവ്യാപനം ഇങ്ങനെയാണെന്ന് വിശദീകരിച്ച് ഗംഗയിൽ കുളിക്കാനെത്തിയ ആൾക്കൂട്ടത്തിന്റെ പടം ‘ടൈം’ മാസിക പ്രസിദ്ധീകരിച്ചു. കുംഭമേളയിലെ ആൾക്കൂട്ടവും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണവും കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കിയെന്ന്‌ ‘ദി ന്യൂയോർക്ക്‌ ടൈംസ്‌’ റിപ്പോർട്ട്‌ ചെയ്തു. വാഹനത്തിൽ ഡ്രൈവർ മാത്രമായാലും മുഖാവരണം ധരിക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി നിലനിൽക്കെ, പശ്ചിമ ബംഗാളിൽ വലിയ ആൾക്കൂട്ടത്തിന്‌ നടുവിൽപ്പോലും മുഖാവരണം ധരിക്കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായെയും പത്രം വിമർശിച്ചു.അസോസിയേറ്റഡ്‌ പ്രസ്‌, ദി വാഷിങ്‌ടൺ പോസ്‌റ്റ്‌, അൽ ജസീറ, എഎഫ്‌പി, ബിബിസി തുടങ്ങിയ മാധ്യമങ്ങളും കുംഭമേള കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കുമെന്ന്‌ റിപ്പോർട്ട്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top