16 April Friday
അലിഅക്‌ബർ സിനിമയുടെ പേര്‌ വിവാദത്തിൽ

നോവലിന്റെ പേര്‌ ഉപയോഗിച്ചതിൽ 
സങ്കടമുണ്ടെന്ന്‌ സി രാധാകൃഷ്‌ണൻ

എം എസ‌് അശോകൻUpdated: Thursday Apr 15, 2021


കൊച്ചി
സംഘപരിവാർ അജൻഡയിൽ അലിഅക്‌ബർ സംവിധാനം ചെയ്യുന്ന വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ഹാജി ചിത്രത്തിന്റെ പേര്‌ വിവാദത്തിൽ. പ്രമുഖ എഴുത്തുകാരൻ സി രാധാകൃഷ്‌ണന്റെ പ്രശസ്‌ത കൃതിയുടെ പേര്‌ ചേർത്ത്‌ 1921 പുഴമുതൽ പുഴവരെ എന്നാണ്‌ സിനിമയുടെ ടൈറ്റിൽ. എഴുത്തുകാരന്റെ ആത്മകഥാംശമുള്ള ഒമ്പതു നോവലുകളുൾപ്പെട്ട പരമ്പരയിലെ രണ്ടാമത്തെ കൃതിയാണ്‌ 1974ൽ പുറത്തിറങ്ങിയ പുഴമുതൽ പുഴവരെ എന്ന നോവൽ. തന്റെ കൃതിയുടെ പേര്‌ ഇത്തരമൊരു സിനിമയ്‌ക്ക്‌ ഉപയോഗിച്ചതിൽ സങ്കടമുണ്ടെന്നും നിരവധി വായനക്കാരും സുഹൃത്തുക്കളും പ്രതിഷേധം അറിയിച്ചെന്നും ഇതേക്കുറിച്ച്‌ സി രാധാകൃഷ്‌ണൻ പ്രതികരിച്ചു.

വിവാദം ഭയന്നാണ്‌ പ്രതികരിക്കാത്തതെന്ന്‌ സി രാധാകൃഷ്‌ണൻ പറഞ്ഞു. അലിഅക്‌ബറിനെ നേരിട്ടു പരിചയമില്ല. നോവലിന്റെ പേര്‌ സിനിമയുടെ പേരായി  ഉപയോഗിക്കുന്നതിനുമുമ്പ്‌ അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല.  അദ്ദേഹത്തിന്‌ ആ പുസ്‌തകത്തെക്കുറിച്ച്‌ അറിയാഞ്ഞിട്ടാണോ. സംവിധായകന്‌ അറിയില്ലെങ്കിൽ ടൈറ്റിൽ രജിസ്‌റ്റർ ചെയ്‌തവരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ. ചില സുഹൃത്തുക്കൾ പറഞ്ഞാണ്‌ ഇക്കാര്യം അറിഞ്ഞത്‌. ബംഗളൂരുവിലെ ഒരു സുഹൃത്ത്‌ അലിഅക്‌ബറിന്‌ ഇ–-മെയിൽ അയച്ചിരുന്നു. ടൈറ്റിൽ രജിസ്‌റ്റർ ചെയ്‌തുപോയെന്നും മാറ്റാനാകില്ലെന്നുമായിരുന്നു സംവിധായകന്റെ മറുപടി.  ഇങ്ങനെയൊരു പുസ്‌തകമുള്ള കാര്യം അറിയില്ലെന്നും പുതിയ ടൈറ്റിൽ രജിസ്‌റ്റർ ചെയ്യാൻ പണച്ചെലവുണ്ടെന്നും പറഞ്ഞൊഴിയുകയായിരുന്നു സംവിധായകൻ. കേസിനു പോകാമെന്ന്‌ സുഹൃത്ത്‌ ഉപദേശിച്ചെങ്കിലും വിലക്കി. അതുകൊണ്ട്‌ കാര്യമുണ്ടെന്നു തോന്നിയില്ല. പുസ്‌തകത്തിന്റെ ടൈറ്റിലിന്‌ രജിസ്‌ട്രേഷനൊന്നുമില്ലല്ലോ. പിന്നെ ഇതൊക്കെ സാമാന്യമര്യാദയുടെ പ്രശ്‌നമാണ്‌. ഇങ്ങനെയൊക്കെ ചെയ്യാൻ പുറപ്പെടുന്നവരാണ്‌ ആലോചിക്കേണ്ടത്‌. നമുക്ക്‌ സങ്കടപ്പെടുകയല്ലാതെ നിവൃത്തിയില്ല. കേസിനൊക്കെ പോയാൽ ആ വിവാദവും ഇവർ വിറ്റു കാശാക്കും. മുതലെടുക്കാനും ചിലരുണ്ടാകും. വർഗീയത ഏതു ഭാഗത്തായാലും ആപത്താണ്‌– -സി രാധാകൃഷ്‌ണൻ പറഞ്ഞു.

വാരിയംകുന്നത്തിന്റെ പേരിലുണ്ടായ വിവാദം വിറ്റുകാശാക്കലാണ്‌  ഇവിടെ ലക്ഷ്യം. അത്‌ മുസ്ലിമിന്‌ എതിരാണെന്നും കേൾക്കുന്നു. ഇതൊക്കെ സിനിമയ്‌ക്ക്‌ വിഷയമാക്കാതെ ചരിത്രവസ്‌തുതകളുടെ പിൻബലത്തോടെ പുസ്‌തകമാക്കുകയാണ്‌ വേണ്ടത്‌. വൈകാരികമായി ജനങ്ങളെ ഇളക്കിവിടാനേ സിനിമ ഉപകരിക്കൂ. മതത്തെയും കലകളെയുമൊക്കെ മനുഷ്യന്‌ ദ്രോഹംചെയ്യാനായി ഉപയോഗിക്കുന്ന കാലമാണിതെന്നും അതിൽ സങ്കടമുണ്ടെന്നും സി രാധാകൃഷ്‌ണൻ പറഞ്ഞു.

ആത്മകഥാപരമായി രചിച്ചിട്ടുള്ള നോവൽ നവകത്തിലെ രണ്ടാമത്തെ പുസ്‌തകമാണ്‌ പുഴമുതൽ പുഴവരെ. എല്ലാം മായ്‌ക്കുന്ന കടലാണ്‌ പരമ്പരയിലെ ആദ്യ പുസ്‌തകം. സംവിധായകൻ ആഷിഖ്‌അബു വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു ബദലായാണ്‌ സംഘപരിവാർ അജൻഡയിൽ അലിഅക്‌ബർ ചിത്രം വരുന്നത്‌. സംഘപരിവാർ അനുഭാവികളിൽനിന്ന്‌ പണം പിരിച്ച്‌ സിനിമയുടെ ചിത്രീകരണം മലപ്പുറത്ത്‌ പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top