Latest NewsNewsIndia

രക്ഷിക്കാന്‍ ശ്രമിക്കാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി

കൊല്‍ക്കത്ത: ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യുവതി. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. 22കാരിയായ നേഹയാണ് ആത്മഹത്യക്കൊരുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചത്. 25 കാരനായ അമോന്‍ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ മരണശേഷവും യുവതിയില്‍ വിഷമമൊന്നും കാണാതെ വന്നതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും ഫോണ്‍ പരിശോധിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി പകര്‍ത്തിയ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ കാണുന്നത്.

അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷം നാലുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍, വിവാഹത്തിന് പിന്നാലെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. വിവാഹത്തിന് ശേഷം അമോന്‍ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. ഇതിനിടെ തന്റെ ബിസിനസ്സ് ആവശ്യാര്‍ത്ഥം ഡല്‍ഹിയിലേയ്ക്കുള്ള യാത്രയില്‍ നേഹയോട് കൂടെ വരണമെന്ന് അമോന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ആവശ്യം നിരസിച്ചുവെന്ന് പറയുന്നു. ഇതോടെയാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം വര്‍ദ്ധിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

ഏപ്രില്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ അമോനോട് യുവതി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ കുടുംബക്കാര്‍ ചികിത്സയ്ക്കായി വെല്ലൂരില്‍ പോയിരുന്ന സമയത്താണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് പറയുന്നു. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധരിച്ചിരുന്നില്ലെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

 

Related Articles

Post Your Comments


Back to top button