കൊച്ചി
ഒളിമ്പിക്‌സിനുള്ള പൂർണ തയ്യാറെടുപ്പിലാണ് ഇന്ത്യൻ അത്‌ലറ്റിക് ടീമെന്ന് മുഖ്യ കോച്ച് പി രാധാകൃഷ്‌ണൻനായർ പറഞ്ഞു. ഒളിമ്പിക്‌സ് നൂറു ശതമാനവും നടക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ പരിശീലനത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ല. പട്യാലയിലെ പരിശീലനക്യാമ്പിൽ ചില അത്‌ലീറ്റുകൾക്ക് കോവിഡ് ബാധിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ആർക്കും രോഗലക്ഷണമില്ല.
നിലവിൽ പത്ത് അത്‌ലീറ്റുകൾ വ്യക്തിഗത ഇനങ്ങളിൽ ഒളിമ്പിക്‌സിന് യോഗ്യത നേടി. മിക്‌സഡ് റിലേ ടീമിനും യോഗ്യതയുണ്ട്. പുരുഷ–-വനിതാ 4–-400 മീറ്റർ റിലേ ടീമിനും യോഗ്യത കിട്ടുമെന്നാണ് പ്രതീക്ഷ. ആദ്യ പതിനാറ് റാങ്കുകാർക്ക് നേരിട്ടു പങ്കെടുക്കാം. നിലവിൽ പുരുഷ ടീമിന് പതിമൂന്നാം റാങ്കാണ്. വനിതകൾക്ക് പന്ത്രണ്ട്. അത്‌ലീറ്റുകൾക്ക് യോഗ്യത നേടാൻ ഇനിയും അവസരമുണ്ട്. രണ്ട് ഗ്രാൻപ്രിയും ഇന്റർസ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പും ബാക്കിയുണ്ട്.
വിദേശ പരിശീലനത്തിനുള്ള സാധ്യതയും തേടുന്നുണ്ട്. കോവിഡ് സാഹചര്യം നോക്കി റിലേ ടീം തുർക്കിയിലും പോളണ്ടിലും പരിശീലനം നടത്തും. മെയ് ഒന്ന്, രണ്ട് തീയതികളിൽ പോളണ്ടിൽ നടക്കുന്ന ലോക റിലേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. ജാവലിൻത്രോ താരങ്ങൾക്ക് തുർക്കിയിലും ഫിൻലൻഡിലും പരിശീലനം ആലോചിക്കുന്നു. ഒളിമ്പിക്‌സിൽ 40 അംഗ അത്‌ലറ്റിക് ടീമിനെ അണിനിരത്താമെന്നാണ് പ്രതീക്ഷയെന്ന് രാധാകൃഷ്‌ണൻനായർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..