14 April Wednesday

വാക്‌സിൻ ഉത്സവം: രണ്ടാം ദിവസവും കുത്തിവയ്പ്‌ കുറവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്‌ത നാലുദിവസത്തെ വാക്‌സിൻ ഉത്സവത്തിന്റെ രണ്ടാം ദിവസവും കുത്തിവയ്പുകൾ ശരാശരിയിലും താഴെ. 40‌ ലക്ഷം വാക്‌സിൻമാത്രമാണ്‌ തിങ്കളാഴ്‌ച കുത്തിവച്ചത്‌. ശരാശരി പ്രതിദിന കുത്തിവയ്പ്‌ 41.70 ലക്ഷം ആയിരുന്നിടത്താണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉത്സവദിവസങ്ങളിൽ എണ്ണം അതിലും താഴ്‌ന്നത്‌.

ആദ്യ ദിവസമായ ഞായറാഴ്‌ച 29.33 കോടി ഡോസ്‌ മാത്രമാണ്‌ കുത്തിവച്ചത്‌. പ്രത്യേക കേന്ദ്രങ്ങൾ തുറന്ന്‌ കുത്തിവയ്പുകളുടെ എണ്ണം പരമാവധി വർധിപ്പിക്കണമെന്നായിരുന്നു ആഹ്വാനം. എന്നാൽ, ഉത്സവദിവസങ്ങൾ പ്രഖ്യാപിക്കുംമുമ്പുതന്നെ കോവിഡ്‌സ്ഥിതി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമത്തെതുടർന്ന്‌ പല കുത്തിവയ്പ്‌ കേന്ദ്രങ്ങൾ അടച്ചു. പത്തിലേറെ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്‌.

മൂന്നാംദിവസമായ ചൊവ്വാഴ്‌ചയും മഹാരാഷ്ട്ര, യുപി, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്‌സിനില്ലാതെ കുത്തിവയ്പ്‌ കേന്ദ്രങ്ങൾ അടച്ചു. പല സംസ്ഥാനങ്ങളിലും രണ്ടാം ഡോസുപോലും ലഭിക്കുന്നില്ല. രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്റെ ഉൽപ്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരമേറിയതാണ്‌ ക്ഷാമത്തിന്‌ വഴിവച്ചത്‌. തിങ്കളാഴ്‌ച രാത്രിവരെയുള്ള കണക്ക്‌ പ്രകാരം ആന്ധ്രയിൽ 14,410 ഡോസാണ്‌‌ ശേഷിക്കുന്നത്‌. ബംഗാളിൽ 47,240 ഡോസും തെലങ്കാനയിൽ 2.72 ലക്ഷം ഡോസ്‌ വാക്‌സിനുമാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top