കോഴിക്കോട്
കെ എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചത് 491 ഗ്രാം സ്വർണവും 40,000 രൂപയും. ഡോളറും റിയാലുമടക്കം വിദേശ കറൻസിയുടെ ശേഖരവും അനധികൃത സമ്പാദ്യത്തിന്റെ സൂചന നൽകുന്ന ഭൂമിയിടപാട് രേഖകളും കൂടി കോഴിക്കോട് മാലൂർക്കുന്നിലെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തി. അരക്കോടി രൂപ കണ്ണൂരിലെ വീട്ടിൽ നിന്നാണ് പിടിച്ചത്.
കോഴിക്കോട് നിന്ന് ലഭിച്ച സ്വർണ്ണം 61 പവനിലധികം വരും. ഇതിനു കാൽക്കോടിയോളം രൂപ വിലയുണ്ട്. കണക്കിൽപ്പെട്ട സ്വർണമെന്നായിരുന്നു ഷാജിയുടെ വാദം. എന്നാൽ ഇത് കള്ളമെന്ന് ഇത്തവണ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്‌മൂലം വ്യക്തമാക്കുന്നു.
160 ഗ്രാം സ്വർണം കൈവശമുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതോടെ വിജിലൻസ് കണ്ടെടുത്ത 491 ഗ്രാം സ്വർണത്തിൽ 331 ഗ്രാം സ്വർണവും കണക്കിൽപ്പെടാത്തതെന്ന് വ്യക്തം.റെയ്ഡിൽ കോടികളുടെ സാമ്പത്തിക, ഭൂമി ഇടപാട് രേഖകളും കണ്ടെത്തി. മഹസർ തയ്യാറാക്കി വിജിലൻസ് കോഴിക്കോട്ടെ കോടതിക്ക് കൈമാറും. തുടർന്നാകും കൂടുതൽ അന്വേഷണം.
പണം ഫ്‌ളഷ് ടാങ്കിലും
പഴയ ടിവിക്കകത്തും
കെ എം ഷാജി കള്ളപ്പണം ഒളിപ്പിച്ചത് ഫ്‌ളഷ് ടാങ്കിലും പഴയ ടിവിക്കകത്തും. തിങ്കളാഴ്‌ച വിജിലൻസ് വീട്ടിലെത്തുമ്പോൾ ഷാജി മുകളിലത്തെ നിലയിലായിരുന്നു. അടുക്കള ഭാഗത്താണ് ആദ്യം പരിശോധിച്ചത്. ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ് ചേർത്ത് ഒട്ടിച്ചനിലയിൽ 16 ലക്ഷം രൂപ ലഭിച്ചു. തുടർന്ന്, സ്റ്റോർറൂമിലെ പഴയ ടിവിയുടെ അകത്തുനിന്ന് 20 ലക്ഷവും കിട്ടി. 14 ലക്ഷം കിട്ടിയത് ഉപയോഗിക്കാതെകിടന്ന ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽനിന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..