തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ഇനിയൊരു ലോക്‌ഡൗൺ ഉണ്ടാകാതെയിരിക്കണമെങ്കിൽ ഓരോ വ്യക്തിയും ഉത്തരവാദിത്തം കാണിക്കണമെന്ന് സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ. രോഗവ്യാപനം അതിതീവ്രമാകുമ്പോൾ മാത്രമാണ് ലോക്‌ഡൗണിലേക്ക് പോകേണ്ടിവരിക.
2020ൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ ഒരു പ്രത്യേക നിരക്കിലധികം രോഗികളെ ഉൾക്കൊള്ളുവാൻ പ്രാപ്തമല്ലായിരുന്നു. ലോക്‌ഡൗൺവഴി ലഭിച്ച സമയംകൊണ്ട് സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണ സജ്ജമായി.
നിലവിൽ 10,000 മുതൽ 15,000 രോഗികളെവരെ ചികിത്സിക്കാൻ ഓരോ ജില്ലയും സജ്ജമാണ്. ഐസിയു, വെന്റിലേറ്റർ, പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ എന്നിവ തയാറാക്കാനായി. മഹാരാഷ്‌ട്രയിൽ ആരോഗ്യസംവിധാനത്തിന്റെ കഴിവിനപ്പുറം രോഗനിരക്ക് വർധിച്ചതാണ് കടുത്ത നിയന്ത്രണങ്ങൾക്ക് കാരണമായത്.
കേരളത്തിൽ അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനായി ക്ലസ്റ്റർ കണ്ടെയ്‌ൻമെന്റ്, ട്രിപ്പിൾ ലോക്‌ഡൗൺ, റസ്‌റ്റൊറന്റുകളിലും ബീച്ചുകളിലും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ അടിസ്ഥാനതലത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കും.
ഓരോരുത്തരും സ്വയം സുരക്ഷിതരാകാൻ ശ്രമിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാം. രോഗവ്യാപനത്തിന്റെ വേഗതയെ വാക്സിനേഷന്റെ വേഗതയെക്കാൾ താഴെ നിർത്തണം. എല്ലാവരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ലോക്‌ഡൗൺ സാധ്യത അതിലൂടെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..