13 April Tuesday

ആത്മഹത്യയല്ല ചെറുത്തുനിൽപ്പാണ് പരിഹാരം

ടി നരേന്ദ്രന്‍Updated: Tuesday Apr 13, 2021

38 വയസ്സുള്ള ഒരു വനിതാ ബാങ്ക് മാനേജർ കഴിഞ്ഞദിവസം സ്വന്തം ഓഫീസിനകത്ത്  ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ്. രണ്ടുവർഷംമുമ്പ് ഭർത്താവ് ഹൃദയാഘാതത്തിൽ മരിച്ചു.  12 വയസ്സുള്ള മകളെയും  എട്ടു വയസ്സുള്ള മകനെയും  അക്ഷരാർഥത്തിൽ അനാഥമാക്കിക്കൊണ്ടാണ് അവർ ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. ബാങ്ക് ജീവിതത്തിലെ പരാജയമാണ് മരണകാരണമെന്നും, പൂർത്തീകരിക്കാൻ കഴിയാതിരുന്ന രണ്ട് വായ്പയെക്കുറിച്ചുള്ള ഉൽക്കണ്ഠയും ആത്മഹത്യാകുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.  രണ്ടു പിഞ്ചു കുഞ്ഞുങ്ങളോടുള്ള സ്നേഹത്തേക്കാൾ വലുതായി, ബാങ്ക് ജോലി നിർവഹണവും വായ്പാ കാര്യങ്ങളും അവസാന നിമിഷത്തിലും അവരെ വേട്ടയാടിയിരുന്നു എന്നു കാണാം.  ബാങ്കിങ്ങിന്റെ  ഉള്ളടക്കത്തിലും ഘടനയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ബാങ്ക്‌ ജീവനക്കാരുടെ ചിന്തകളിലും മനോഗതികളിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന
ഭാവവ്യത്യാസങ്ങളെ വലിയൊരു സാമൂഹ്യപ്രശ്നമായി ഇത്തരുണത്തിൽ വിലയിരുത്തേണ്ടതുണ്ട്. നാലുമാസംമുമ്പ് ഗുരുവായൂരിലെ ഒരു ബാങ്ക് ശാഖയിലും അതിനുമുമ്പ് പാലക്കാട്ടെ ഒരു സ്വകാര്യ ബാങ്കിലും സമാനമായ വിധത്തിലുള്ള ആത്മഹത്യകൾ നടക്കുകയുണ്ടായി.  2014 ജൂലൈ രണ്ടിന്  52 വയസ്സുള്ള ഒരു ചീഫ് മാനേജർ സോണൽ തലത്തിലെ മാനേജർമാരുടെ റിവ്യൂ യോഗം കഴിഞ്ഞയുടനെ,  മാനസികപീഡനം സഹിക്കവയ്യാതെ തീവണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി.

നവലിബറൽ  ബാങ്കിങ് നയങ്ങളുടെ പ്രയോഗം, കടുത്ത സാമ്പത്തിക പ്രതിസന്ധി,  കോവിഡ് മഹാമാരി, കമ്പോള മാന്ദ്യത്തിന്റെ പ്രശ്നങ്ങൾ,  ജനങ്ങളുടെ വാങ്ങൽശേഷിയിൽ വന്ന കുറവ്, കിട്ടാക്കടം സംബന്ധിയായ സുപ്രീംകോടതിയുടെ ഉത്തരവ് എന്നിവയൊക്കെയാണ് ബാങ്ക് ശാഖയിലെ ബിസിനസ് ഉയർച്ചതാഴ്ചകളുടെ മൂലകാരണം. എന്നാൽ, അത്തരം  സാമൂഹ്യ ചിന്തകളൊന്നുമില്ലാത്തതിനാൽ, സ്വന്തം ബാങ്ക് ശാഖയിലെ കുറവുകളെ ആത്മനിഷ്ഠാ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി,  സ്വന്തം ജീവിതവിധിയായി പ്രഖ്യാപിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. എന്നാൽ, തീവ്രമായ വിധം നടപ്പാക്കിയ ബാങ്കിങ്‌ പരിഷ്കരണങ്ങളിലൂടെ ശാഖകളിൽ രൂപപ്പെട്ടുവന്നിരിക്കുന്ന സിലബസ് വ്യതിയാനവും ബാങ്ക് ജീവനക്കാരിൽ ഉടലെടുത്ത  മുൻഗണനാ കാഴ്ചകളെയും സഗൗരവം പരിശോധിക്കേണ്ടതുണ്ട്.

ബാങ്കിങ്‌ രംഗം അടിമുടി മാറി

ഇടപാടുകാരെ രാജാവിന് തുല്യമായി പരിഗണിക്കണമെന്നും കസ്റ്റമേഴ്സാണ് ബാങ്കിന്റെ  നിലനിൽപ്പിന്റെ  മുഖ്യ ഉപാധിയെന്നുമുള്ള ഗാന്ധിവചനങ്ങൾ ഇപ്പോഴും ശാഖകളിൽ തൂങ്ങിക്കിടക്കുന്നുണ്ട്.  ബാങ്കുകളിലെ തൊഴിൽ ശക്തിയുടെ ചേരുവയും സ്വഭാവവും  മൗലികമായി മാറ്റിക്കൊണ്ടു മാത്രമേ തങ്ങളുടെ ലാഭമാത്രസിദ്ധാന്തം നടപ്പാക്കാനാകൂ എന്ന് അധികാരികൾ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് ആത്മാഭിമാനമുള്ള സർഗാത്മക തൊഴിൽ സംസ്കാരത്തിന് പകരം, അടിമകളായ വിധേയത്വ തൊഴിലാളികളെ പ്രതിഷ്ഠിച്ചത്.  ബാങ്കുകളിലെ താൽക്കാലിക  തൊഴിലാളികളുടെ എണ്ണം വൻതോതിൽ ഉയരാനിടവന്നത് യാദൃച്ഛികമല്ല എന്നർഥം. എന്നാൽ, സാമാന്യജനതാൽപ്പര്യങ്ങളെ പിന്തള്ളി, കഴുത്തറപ്പൻ ലാഭചിന്തകളിലേക്ക് ഇന്ത്യൻ ബാങ്കിങ് വ്യവസായത്തെ ബോധപൂർവം നീക്കിയതിന്റെ കാഴ്ചകളാണ്  സകലയിടത്തും കാണാൻ കഴിയുക. ജോലിസമയ കാര്യത്തിൽ ഒരു പരിധിയുമില്ലാത്ത ബാങ്ക് ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുക എന്നതായിരുന്നു മറ്റൊരു അടവ്.

അങ്ങനെയാണ്, സാർ സാർ വിളികൾമാത്രം പറയാൻ പരിശീലിപ്പിച്ച, അനുസരണയും റാൻ മൂളലും  ദിനചര്യയാക്കിയ, എല്ലാ അധാർമിക ജോലികളും ചെയ്യിപ്പിക്കാൻ കഴിയുന്ന ഓഫീസർ വിഭാഗത്തെയും താൽക്കാലിക തൊഴിലാളികളെയും ബാങ്കുകളിൽ വൻ തോതിൽ വിന്യസിച്ചത്. മുട്ടിലിഴയാൻ വിധിക്കപ്പെട്ട വിഭാഗമായി മാറ്റിത്തീർത്ത ഇവരെ ചക്കിലിട്ടു കറക്കി  വേട്ടയാടുന്ന രീതി തന്മൂലം  ബാങ്കുകളിൽ കലശലായി. സ്വന്തം വിധിയെന്ന് കരുതി  ഗതികേടിന്  വിധേയപ്പെട്ടു കഴിയുന്ന ഇവർ നിരാശയുടെയും അന്തർ മുഖത്വത്തിന്റെയും തുരുത്തുകളിൽ കുടുങ്ങിക്കഴിയുകയാണ്.

അടിസ്ഥാനപരമായ പ്രശ്നം,  ബാങ്കുകളിലെ വർധിച്ച ബിസിനസിന്‌ അനുസരിച്ചും ശാഖാ വർധനയ്‌ക്ക്‌ ആനുപാതികമായും ജീവനക്കാരെ നിയമിക്കുന്നില്ല എന്നതാണ്.  വ്യാപകമായി റിട്ടയർമെന്റ്‌ നടക്കുന്ന കാലമായിട്ടും  അത്തരം ഒഴിവുകളിൽ നാലിലൊന്ന് നിയമനംപോലും നടത്തുന്നില്ല. ഉള്ള ജീവനക്കാരെ വലിച്ചുനീട്ടിയും അടിച്ചുപരത്തിയും ബാങ്കുടമകൾ  നടത്തുന്ന കൊടിയ  ചൂഷണംമൂലം, സേഫ്റ്റി വാൽവില്ലാത്ത ഒരു പ്രഷർ കുക്കറിന്റെ അവസ്ഥയിലേക്ക് ബാങ്ക് ശാഖകൾ മാറ്റപ്പെടുന്നുണ്ട്.  തന്മൂലം പതുക്കെ പതുക്കെ വിഷാദരോഗികളാകുന്ന ഇവർ കുടുംബം, ബന്ധുമിത്രാദികൾ, സമൂഹം എന്നിവയിൽനിന്ന്‌ ഉൾവലിയാൻ തുടങ്ങുന്നു. കൂട്ടായ്മകളിൽ പങ്കാളികളായി പ്രതിരോധങ്ങൾ  തീർക്കുന്നതിനു പകരം ലഹരിവസ്തുക്കൾ, അരാജക ചിന്ത, വിആർഎസ്, ആത്മഹത്യ എന്നിവയെയാണ്  ഇക്കൂട്ടർ ബഹിർഗമന രക്ഷാകവചമായി കാണുന്നത്.

യഥാർഥ വില്ലനെ തിരിച്ചറിയുക

തന്റേതല്ലാത്ത കാരണങ്ങളാൽ നിഷ്കളങ്കരായ നാലു ലക്ഷം കർഷകർക്ക് സ്വന്തം പണിയിടത്തെച്ചൊല്ലി ഇന്ത്യയിൽ  ആത്മഹത്യ ചെയ്യേണ്ടി വന്ന ദുരന്തം സമഗ്രതയോടെ ഇനിയും രാജ്യം ചർച്ച ചെയ്തിട്ടില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഓരോ ഇന്ത്യൻ പൗരനും തേങ്ങലോടെമാത്രം വിലയിരുത്തേണ്ട സംഭവമാണിത്. അതിദാരുണമായ ഇത്തരം  സംഭവങ്ങളുണ്ടായിട്ടും  കർഷകരെ മണ്ണിൽനിന്ന്‌ പറിച്ചെറിയാനും കാർഷികമേഖലയെ കമ്പോളശക്തികൾക്ക്  കൈമാറാൻ  നിയമങ്ങൾ നിർമിക്കുകയുമാണുണ്ടായത്.  എന്നാൽ, മരിക്കാൻ മനസ്സില്ലെന്ന തിരിച്ചറിവിൽനിന്നുകൊണ്ടാണ് കർഷകർ  പ്രക്ഷോഭത്തിലേക്ക് തിരിച്ചിട്ടുള്ളത്.  1991 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പ്രത്യാഘാതങ്ങളാണ് കാർഷികമേഖല  അനുഭവിക്കുന്ന വിളത്തകർച്ചയും വിലത്തകർച്ചയും.  രാജ്യത്തിന്റെ  ഇതര വികസന തുറകളിലും സമാനമായ നിരവധി പരിഷ്കരണങ്ങൾ നടത്തിയിട്ടുള്ള  കാഴ്ചകൾ ധാരാളമായി കാണാനാകും.  ബാങ്കിങ്‌ മേഖലയിലെ  കേന്ദ്ര സർക്കാരിന്റെ നയം, റിസർവ് ബാങ്കിലൂടെ  ബാങ്ക് തലവന്മാർ മുഖാന്തരം,  സോണൽ മാനേജർ വഴി ബാങ്ക് ശാഖകളിൽ എത്തിച്ചേരുന്നതാണ് ബാങ്ക് ശാഖകളിലെ  പ്രഷർകുക്കർ ജീവിതമായി പരിണമിക്കുന്നത്.  ഏറെ പ്രതീക്ഷയും മോഹങ്ങളുമായി ബാങ്ക് ശാഖകളിൽ എത്തിച്ചേരുന്ന ഇടപാടുകാർക്ക് നിരാശയും അസംതൃപ്തിയും ഉണ്ടാകുന്നതും ഈ നയങ്ങളുടെ ഭാഗമായിട്ടാണ്.

ഈ നയവൈകൃതത്തെ തുടർന്നാണ് അഞ്ച് പതിറ്റാണ്ട് പിന്നിട്ട് ദേശസാൽകൃത ഇന്ത്യൻ ബാങ്കിങ്‌, 2015-–-16 മുതൽ തുടർച്ചയായി നഷ്ടത്തിലേക്ക് കൂപ്പുകുത്താനിടയായതും.   കണ്ണുതുറന്ന്,  ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ സമഗ്രതയോടെ നോക്കിക്കാണേണ്ട സമയമാണിത്.  ബാങ്കിന്നകത്തെ കുടിലതകൾക്കെതിരെ സ്പാർട്ടക്കസുമാരുടെ  ഗർജനം ഉയർന്നുവരേണ്ട മുഹൂർത്തമാണിത്.   ലോകത്തുതന്നെ പ്രശസ്തിയാർജിച്ച  ഇന്ത്യൻ ബാങ്കിങ്‌ സംവിധാനത്തിന്റെ  കരുത്തും അനന്ത സാധ്യതകളും വന്നുചേർന്നിരിക്കുന്ന അപകടങ്ങളും മഹത്തായ ഒരു പാഠ്യവിഷയമാക്കി സമൂഹത്തെ ബോധവൽക്കരിക്കാനുള്ള  പദ്ധതി അനിവാര്യമായിരിക്കുന്നു. കോർപറേറ്റുകൾക്കുവേണ്ടി  ഈ അനന്യ സംവിധാനത്തെ, ബാങ്ക്  ലയനങ്ങളിലൂടെയും  സ്വകാര്യവൽക്കരണത്തിലൂടെയും ബലികൊടുക്കുന്ന നീക്കത്തിനെതിരെ ശക്തമായ ഒരു ബഹുജന പ്രസ്ഥാനത്തിന്റെ  തുയിലുണർത്തു മുന്നേറ്റമാണ് ഇന്നിന്റെ  അടിയന്തരാവശ്യം.
(ബെഫി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top