കൊച്ചി > ഓൺലൈൻ പ്ലാറ്റ്ഫോമിൽ (ഒടിടി) റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾക്കുനേരെ നിലപാട് കടുപ്പിച്ച് തിയറ്റർ ഉടമാ സംഘടനയായ ഫിയോക്. നിശ്ചിത കാലാവധി കഴിയാതെ ഒടിടി റിലീസ് പാടില്ലെന്നാണ് ഫിയോക് എക്സിക്യൂട്ടീവ് യോഗ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ സമയത്ത് ഒടിടി ചിത്രങ്ങൾ വർധിച്ചതും ആ നില ഇനിയും തുടർന്നാൽ തിയറ്റർ റിലീസിനെ എങ്ങനെ ബാധിക്കുമെന്നതും യോഗത്തിൽ ചർച്ചയായി.
തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനുശേഷം മാത്രമേ ഒടിടിയിൽ നൽകാവൂ എന്നതാണ് പ്രധാന തീരുമാനം. ഇതിൽ ചില ഇളവുകളും തീരുമാനിച്ചു. ജൂലൈ 31നകം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് 30 ദിവസത്തിനുശേഷം ഒടിടി നൽകാം. കോവിഡ് കാലത്ത് നിർമാണ ജോലികൾ പൂർത്തിയായി റിലീസ് കാത്തിരിക്കുന്ന നൂറ്റമ്പതോളം ചിത്രങ്ങളെ ഉദ്ദേശിച്ചാണ് ഇളവെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. തിയറ്ററുകളിൽ ചിത്രങ്ങളുടെ തള്ളൽ കുറയ്ക്കാനാണ് ഇളവ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഒടിടി ചിത്രങ്ങളിൽ അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായെങ്കിലും അക്കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഒടിടി റിലീസുകളെക്കുറിച്ച് ചർച്ചകൾ നടന്നു. ഫഹദ് ഫാസിൽ ഫിയോക്കുമായി സഹകരിക്കുന്ന താരമാണ്. അദ്ദേഹത്തിന്റെ ‘മാലിക്ക്’ എന്ന ചിത്രം വിഷുവിന് തിയറ്ററുകളിൽ എത്തുന്നുണ്ടെന്നും വിജയകുമാർ പറഞ്ഞു.
മഹേഷ് നാരായൺ സംവിധാനം ചെയ്‌ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ജോജി എന്നീ ഫഹദ് ചിത്രങ്ങൾ ഒടിടി റിലീസായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..