തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയിലെ അസിസ്‌റ്റന്റ് പ്രൊഫസർ നിയമനങ്ങൾ കോടതിവിധിയും യുജിസി മാനദണ്ഡ പ്രകാരമുള്ള സംവരണ റൊട്ടേഷനും പാലിച്ച്. ഇക്കണോമിക്‌സ് വിഭാഗത്തിലെ അധ്യാപക നിയമനത്തെ ചൊല്ലിയുള്ളത് അനാവശ്യ വിവാദം. ഇക്കണോമിക്‌സ് വിഭാഗത്തിൽ നാല് ഒഴിവുകളാണുണ്ടായിരുന്നത്. സംവരണ റൊട്ടേഷൻ പ്രകാരം ഓപ്പൺ വിഭാഗത്തിനാണ് ആദ്യ ഒഴിവ് ലഭിച്ചത്. ഇതിൽ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരൻ എം എസ് സനൂപിന് നിയമനം നൽകി. അടുത്ത ഒഴിവ് ഒബിസി വിഭാഗത്തിനായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥി റാങ്ക് ലിസ്റ്റിൽ ഇല്ലാത്തതിനാൽ തസ്‌തിക ഒഴിച്ചിട്ടു. മൂന്നാമത്തെ ഒഴിവ് ഓപ്പൺ വിഭാഗത്തിന്. രണ്ടാം റാങ്കുകാരി കെ പി റജുല ഹെലന് നിയമനം. നാലാമത്തേത് സംവരണ ക്രമപ്രകാരം മുസ്ലിം വിഭാഗത്തിന്. എട്ടാം റാങ്കുകാരനായ എം മുനീർ ബാബുവിന് നിയമനം. ഒബിസി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ ഒഴിച്ചിട്ട തസ്‌തികയിൽ പുതിയ അപേക്ഷ വിളിച്ചാണ് നിയമനം നടത്തേണ്ടത്. വസ്തുതകൾ ഇതായിരിക്കെയാണ് ചില മാധ്യമങ്ങൾ കുപ്രചാരണം അഴിച്ചുവിടുന്നത്.
നേരത്തെ ഓരോ ടീച്ചിങ് ഡിപ്പാർട്ട്‌മെന്റിനെയും ഒരു യൂണിറ്റാക്കിയാണ് സംവരണാടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നത്. സുപ്രീം കോടതിവിധിയുടെയും യുജിസി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ഡിപ്പാർട്ടുമെന്റുകളെയും ഒരു യൂണിറ്റായി പരിഗണിച്ചാണ് ഇപ്പോൾ നിയമനം.
മറ്റൊരു കേസിൽ വിജ്ഞാപന സമയത്ത് സംവരണം വ്യക്തമാക്കരുതെന്ന് 2015ൽ ഹൈക്കോടതി കലിക്കറ്റ് സർവകലാശാലക്ക് നിർദേശവും നൽകി. നിയമന സമയത്ത് മാത്രമേ സംവരണം പ്രസിദ്ധപ്പെടുത്താകൂ എന്നാണ് കോടതി ഉത്തരവ്. ഒഴിവുള്ള അധ്യാപക തസ്തികകൾ 10 വർഷത്തിനുശേഷമാണ് കലിക്കറ്റ് സർവകലാശാല നികത്തുന്നത്. ഇത്തരത്തിൽ യുജിസിയുടെ മാർഗനിർദേശങ്ങൾക്കും കോടതി ഉത്തരവുകൾക്കും വിധേയമായി നിയമാനുസൃതമാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്. നാലാം റാങ്ക് ലഭിച്ചിട്ടും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആർ രഞ്ജിത്തിന് അധ്യാപക നിയമനം നൽകിയില്ലെന്ന വാദത്തിൽ വസ്‌തുതയില്ലെന്ന് ഇതിൽനിന്ന് വ്യക്തം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..