പാലക്കാട്
വേട്ടെണ്ണലിനുശേഷം ജില്ലയിലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന. മുന്‍ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചില ഉറപ്പുകൾ നൽകിയെങ്കിലും അത് മുഖവിലയ്‌ക്ക് എടുക്കരുതെന്നാണ് ഐ വിഭാഗത്തിന് മുൻതൂക്കമുള്ള ഡിസിസി തീരുമാനം. ഡിസിസി പ്രസിഡന്റ് ഇത് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഒരാഴ്‌ചയോളം നേതൃത്വത്തെ സമ്മർദത്തിലാക്കിയ ഗോപിനാഥിന്റെ ഒരു ആവശ്യവും അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വവും പ്രസിഡന്റ് വി കെ ശ്രീകണ്‌ഠനും.
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം വേണ്ടത്ര ഉണ്ടായില്ലെന്ന വിമർശനവും ചില നേതാക്കളെ ഉന്നംവച്ചുള്ളതാണ്.
നെന്മാറ, കോങ്ങാട് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയത് ഡിസിസിയുമായി ആലോചിക്കാതെയായിരുന്നുവെന്ന വി കെ ശ്രീകണ്‌ഠന്റെ മറുപടി തോൽവി സമ്മതിക്കലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രതിഷേധവുമുണ്ടാകും.
ഒരു ജനറൽ സെക്രട്ടറി അഞ്ച് കോടി രൂപ വാങ്ങിയാണ് നെന്മാറ സീറ്റ് സിഎംപിക്ക് നൽകിയതെന്ന് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പറഞ്ഞുതുടങ്ങി. ചിറ്റൂരിലെ ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ചായിരുന്നു നെന്മാറ, മലപ്പുറം ജില്ലയിലെ തവനൂർ സീറ്റുകൾ കച്ചവടം ചെയ്‌തതെന്നും മുന്‍കൂര്‍ തുക അവിടെവച്ച് എഐസിസി നേതാവിന്റെ കാറിൽ കൊടുത്തതായും പ്രമുഖ കോൺഗ്രസ് നേതാവ് ഡിസിസി യോഗത്തിൽ ആക്ഷേപം ഉന്നയിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ചർച്ച ചെയ്യാമെന്നാണ് യോഗത്തിൽ നൽകിയ ഉറപ്പ്.
ആലത്തൂർ, തരൂർ, കോങ്ങാട്, നെന്മാറ മണ്ഡലങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പുകൾ പരസ്യമായി ഏറ്റുമുട്ടിത്തുടങ്ങി. പ്രവർത്തകരെ വിശ്വാസത്തിലെടുക്കാതെ പണം കൊടുത്ത് പോസ്‌റ്റർ ഒട്ടിക്കാൻ മറ്റ് ഏജൻസികളെ ഏൽപ്പിച്ചുവെന്നാണ് സ്ഥാനാർഥികൾക്കെതിരെ ഉന്നയിച്ച വിമർശനം. രമ്യ ഹരിദാസ് എംപിക്ക് കാർ വാങ്ങാൻ പണം പിരിച്ച യൂത്ത് കോൺഗ്രസ് നടപടിയും വിവാദമായപ്പോൾ തിരികെ നൽകാമെന്നേറ്റത് തെരഞ്ഞെടുപ്പിലും ചിലർ ഉയർത്തിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..