13 April Tuesday

സമരം അവസാനിപ്പിക്കണമെന്ന തോമറിന്റെ നിർദേശം 
കർഷകസംഘടനകൾ തള്ളി

സ്വന്തം ലേഖകൻUpdated: Monday Apr 12, 2021

ന്യൂഡൽഹി > കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ കർഷകർ സമരം അവസാനിപ്പിക്കണമെന്ന  കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്റെ നിർദേശം കർഷകസംഘടനകൾ തള്ളി. പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുംവരെ കർഷകർ സമരം തുടരുമെന്ന്‌ സംയുക്ത കിസാൻമോർച്ച.

കർഷകർ സമരസ്ഥലം ഒഴിഞ്ഞാൽ ചർച്ചയാകാമെന്ന തരത്തിലുള്ള ഉപാധിയാണ് കൃഷി മന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്ന് കിസാൻമോർച്ച നേതാവ്‌ ദർശൻ പാൽ പറഞ്ഞു. സമരം അവസാനിപ്പിക്കുന്ന പ്രശ്‌നമില്ല, മേയ്‌ പകുതിയോടെ സംഘടിപ്പിക്കുന്ന ഭാരത്‌ ബന്ദിന്റെ തീയതി കിസാൻ മോർച്ചയുടെ അടുത്ത യോഗത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിക്ക്‌ ചുറ്റുമായുള്ള കെഎംപി എക്‌സ്‌പ്രസ്‌ വേയിൽ കർഷകർ സംഘടിപ്പിച്ച ഉപരോധം ഞായറാഴ്‌ച രാവിലെ എട്ടിന്‌ അവസാനിച്ചു.
ശനിയാഴ്‌ച രാവിലെ തുടങ്ങിയ ഉപരോധം 24 മണിക്കൂർ നീണ്ടു. നൂറുക്കണക്കിന്‌ കർഷകർ പങ്കാളികളായി. ബുധനാഴ്‌ച അംബേദ്‌കർ ജയന്തി ദിനം കർഷകർ രാജ്യവ്യാപകമായി ഭരണഘടനാ ദിവസമായി ആചരിക്കും.
ഫൂലെ സ്‌മരണയിൽ കിസാൻസഭ

സവർണതയ്‌ക്കെതിരായി പോരാടിയ മഹാത്‌മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷിക ദിനമായ ഏപ്രിൽ 11 ന്‌ രൂപീകരണ ദിനമാഘോഷിച്ച്‌ അഖിലേന്ത്യാ കിസാൻസഭ. ഫൂലെയുടെ സ്‌മരണകൾ ഉയർത്തിപ്പിടിച്ച്‌ കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരായി പോരാട്ടം തുടരുമെന്ന്‌ കിസാൻസഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ അറിയിച്ചു. 1936 ഏപ്രിൽ 11 നാണ്‌ കിസാൻസഭ രൂപീകരിക്കപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top