ബ്രസൽസ് > കോവിഡ് വ്യാപനം പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾക്കിടയിൽ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷം. പല രാജ്യങ്ങളും യൂണിയൻ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾമുതൽ സഹായം ലഭിക്കാനുള്ള നിബന്ധനകളിൽവരെ ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്.
ഇയുവിൽ വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള വിവേചനത്തിനുനേരെ കഴിഞ്ഞ മാസം ഓസ്‌ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് രംഗത്ത് വന്നിരുന്നു. ഇയു ‘ചന്ത’യായെന്നും സമ്പന്ന രാജ്യങ്ങൾ വാങ്ങി കൂട്ടുമ്പോൾ ദരിദ്ര രാജ്യങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ആഭ്യന്തര രാഷ്ട്രീയ യോജിപ്പും യൂറോപ്യൻ മൂല്യങ്ങളോടുള്ള ആദരവും പലപ്പോഴും വെല്ലുവിളിക്കപ്പെടുന്നുവെന്ന് യൂറോപ്യൻ പദ്ധതി കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇയു അനുമതി നൽകിയിട്ടില്ലാത്ത റഷ്യൻ വാക്‌സിൻ ‘സ്‌പുട്‌നിക് വി’ വാങ്ങാൻ രഹസ്യകരാർ ഒപ്പിട്ടതിന്റെ പേരിൽ സ്ലൊവാക്കിയൻ സർക്കാർ രാജിവച്ചിരുന്നു. അതേസമയം യൂണിയനിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇയു അധ്യക്ഷ ഉർസുല വോൺ ഡെയർ ലെയ്ൻ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. യൂറോപ്യൻ മെഡിക്കൽ ഏജൻസിക്ക്(ഇഎംഎ) വാക്സിൻ സംഭരണത്തിലും വിതരണത്തിലും കാര്യക്ഷമമായി ഇടപെടാനായില്ല. 27 അംഗ രാജ്യങ്ങൾക്കിടയിൽ തുല്യമായി വിതരണം ചെയ്യുമെന്നായിരുന്നു തീരുമാനം.
എന്നാൽ, ഇഎംഎ നടപടി വളരെ പതുക്കെയായിരുന്നുവെന്നാണ് ആരോപണം. ഇയുവിൽ ഇല്ലാത്ത രാജ്യങ്ങളിൽ 46.85 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകിയപ്പോൾ ഇയുവിൽ ഇത് 14.8 മാത്രമാണ്. അസ്‌ട്രസെനക്ക വാക്‌സിൻ മുതിർന്നവർക്കെല്ലാം നൽകണമെന്ന് ഇഎംഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു പിന്നാലെ 55വയസ്സിനു മുകളിലുള്ളവർക്ക് അസ്‌ട്രസെനക്ക നൽകേണ്ടയെന്ന് ബെൽജിയം തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..