12 April Monday

ബാങ്ക്‌ ശാഖകൾ പൂട്ടാനും സമ്മർദം

സി എ പ്രേമചന്ദ്രൻUpdated: Sunday Apr 11, 2021

തൃശൂർ
അശാസ്ത്രീയമായ ബാങ്കിങ്‌ പരിഷ്കാരങ്ങളുടെ ഫലമായി   ജീവനക്കാർ ഇരട്ടി ജോലിയെടുത്ത്‌ തളരുന്നതിനിടെ ശാഖകൾ പൂട്ടാനും കടുത്ത സമർദം. ആത്മഹത്യചെയ്ത  സ്വപ്‌ന മാനേജരായ കനറാബാങ്ക്‌  കൂത്തുപറമ്പ്‌ തൊക്കിലങ്ങാടി ശാഖയും പൂട്ടാൻ  തീരുമാനിച്ചതിൽപ്പെടും.  വർഷാവസാന  തിരക്കിനിടെ എല്ലാ അക്കൗണ്ടുകൾക്കും നോമിനേഷൻ  ഉടനടി പൂർത്തീകരിക്കണമെന്നും കനറാ ബാങ്ക്‌ ഉത്തരവിറക്കി.  ജീവനക്കാർ കണക്കെടുപ്പിനും  ടാർഗറ്റുകൾക്കുമായി പരക്കം പായുന്നതിനിടെയാണ്‌  ഇത്തരം നടപടി.   

കനറാ–- സിൻഡിക്കറ്റ് ബാങ്കുമായുള്ള ലയനത്തിനുശേഷം‌ രാജ്യവ്യാപകമായി ശാഖകൾ   പൂട്ടുകയാണ്‌‌. ഇരുബാങ്കുകളുടെയും ശാഖകളുള്ള പ്രദേശത്ത്‌  ഒന്ന്‌ പൂട്ടും. എന്നാൽ, ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചില്ല.‌  ജീവനക്കാർക്ക് ഇരിപ്പിടങ്ങളോ  ഇടപാടുകാർക്ക് സ്ഥലസൗകര്യങ്ങളോ   ഇല്ലാത്ത ശാഖകളിലേക്ക് പ്രവർത്തനങ്ങൾ പറിച്ചുനട്ടു.   ഇടപാടുകാർക്ക്   മുന്നറിയിപ്പ് നൽകാതെയും ആർബിഐ  അനുശാസിക്കുന്ന നോട്ടീസ് നൽകാതെയുമാണ്‌ ശാഖകൾ  പൂട്ടുന്നത്.   ജീവനക്കാരും ഇടപാടുകാരും  നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കുന്നതിന്‌  അധികൃതർ തയ്യാറാവുന്നില്ല.   
  ഇതിനിടെയാണ്‌ എല്ലാ അക്കൗണ്ടുകൾക്കും  ഉടനടി നോമിനേഷൻ പൂർത്തീകരിക്കണമെന്ന്‌  കനറാ ബാങ്കിൽ ഉത്തരവിറക്കിയത്‌.  അക്കൗണ്ടുകളുടെ തുടർ അവകാശികളായി നോമിനേഷൻ നൽകേണ്ടത്‌ ഇടപാടുകാരുടെ അവകാശമാണ്‌.  എന്നാൽ  ഇടപാടുകാരെ നിർബന്ധിച്ച്   വിളിച്ചു വരുത്തി  നോമിനേഷൻ പൂർത്തീകരിക്കേണ്ടിവന്നു.   

ബാങ്ക്‌ ലയനത്തിനുശേഷമുള്ള കണക്ടിവിറ്റി, ടെക്നോളജി പ്രശ്നങ്ങളും സങ്കീർണമാണ്. പലപ്പോഴും  കണക്ഷൻ ലഭിക്കുന്നില്ല.  എടിഎം, മൊബൈൽ ബാങ്കിങ്‌, ഇന്റർനെറ്റ് ബാങ്കിങ്‌ ഒന്നും കാര്യക്ഷമമല്ല. ഇടപാടുകാർക്ക്  എസ്‌എംഎസ്‌ ലഭിക്കുന്നില്ല.  എസ്‌എംഎസ്‌ സർവീസ് ചാർജ് വാങ്ങുന്നതിൽ കുറവില്ല.  ഇടപാടുകാരുടെ പഴിയും ജീവനക്കാർ കേൾക്കണം.

ലാഭക്കൊതി ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപടികളാണ്‌ ബാങ്ക്‌ ജീവനക്കാരുടെ ജീവിതത്തെ എരിപൊരിയിലാക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളായ ബാങ്കുകൾ  ലയിപ്പിക്കുകയും  ഓഹരികൾ വിറ്റ്‌ സ്വകാര്യവൽക്കരിക്കുകയുമാണ്‌. ജീവനക്കാരുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. സേവനങ്ങൾ വെട്ടിക്കുറച്ച്‌ ബാങ്കിതര കച്ചവടങ്ങളുടെ ടാർഗറ്റുകൾക്കായി ജീവനക്കാരെ പിഴിയുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top