11 April Sunday

തൊണ്ടിമുതലല്ല ദൃക്‌സാക്ഷിയുമല്ല; പച്ചക്കറികൾക്കായി പൊലീസ്‌ സ്‌റ്റേഷനിലെത്തുന്ന നാട്‌

എം വി പ്രദീപ്‌ mvpradeepkannur@gmail.comUpdated: Sunday Apr 11, 2021

ദാ...വിഷു എത്തി. കോവിഡ്‌ കാലത്തെ രണ്ടാം വിഷു. രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും കണിയൊരുക്കാനുള്ള വിഭവങ്ങൾ ശേഖരിക്കാനുള്ള ഓട്ടപ്പാച്ചിലാണെങ്ങും. എന്നാൽ കുടിയാന്മലക്കാർ ചിലപ്പോൾ വിഭവങ്ങൾ ശേഖരിക്കാൻ ചെല്ലുക പൊലീസ്‌ സ്‌റ്റേഷനിലായിരിക്കും. കണ്ണൂരിലെ ഈ മലയോര ഗ്രാമത്തിലെ വിഷു വിശേഷങ്ങൾ അറിയുക

 
വാഴക്കുല മോഷണവും തേങ്ങാ മോഷണവും പതിവായിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. സ്‌ഥലത്തെ പ്രധാന മോഷ്‌ടാക്കൾ പിടിയിലായാൽ പലപ്പോഴും തൊണ്ടിമുതലായ ഈ കാർഷിക വിഭവങ്ങളുടെ വിശ്രമം സ്ഥലത്തെ പൊലീസ്‌ സ്‌റ്റേഷനിലായിരിക്കും. പണ്ടത്തെയാളുകൾ എത്ര  കണ്ടിരിക്കുന്നു ഈ രംഗം. കുലക്കള്ളൻ, തേങ്ങാക്കള്ളൻ എന്നൊക്കെ അലങ്കാരങ്ങൾ കിട്ടിയ കൊച്ചുകള്ളന്മാർ എത്ര.  വാഴക്കുല എത്ര പൊലീസ്‌ രേഖകളിലാണ്‌   സ്‌ഥാനം പിടിച്ചിട്ടുണ്ടാകുക‌. മദ്യവും കഞ്ചാവും കള്ളപ്പണവും കടത്തിയ വണ്ടികൾ കുറ്റകൃത്യത്തിന്റെ സ്‌മാരകമായി സ്‌റ്റേഷനുമുന്നിൽ തുരുമ്പെടുത്ത്‌ കിടക്കുമെങ്കിലും വാഴക്കുലയെന്ന തൊണ്ടിമുതൽ പലപ്പോഴും തിരികെ ഉടമസ്‌ഥന്റെ കൈയിലാണ്‌ എത്തുക. 
 

പരാതി നൽകാനല്ല, ജാമ്യമെടുക്കാനുമല്ല

 
പരാതി നൽകാനോ  ജാമ്യമെടുക്കാനോ മറ്റ്‌ നിയമസഹായംതേടിയോ ആണ്‌ മിക്കപ്പോഴും ആളുകൾ പൊലീസ്‌ സ്‌റ്റേഷനുകളിൽ പോകുക. എന്നാൽ സർ, ഒരു വാഴക്കുല വേണം, ഒരു കിലോ ചേമ്പ്‌ വേണം. ഒരു മത്തങ്ങ വേണം, അരക്കിലോ വഴുതനങ്ങ... എന്നിങ്ങനെ ചോദിച്ച്‌ പച്ചക്കറികൾക്കായി പൊലീസ്‌ സ്‌റ്റേഷനെ സമീപിക്കാൻ കഴിയുന്ന ഒരു നാടുണ്ട്‌ കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരത്ത്‌.
  
അവിടെ വിഷു വിളവെടുപ്പിനൊരുങ്ങുന്ന തിരക്കിലാണ്‌  പൊലീസുകാർ.  ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച്‌ ഉൽപ്പാദിപ്പിച്ച വിഭവങ്ങൾ വിലക്കുറവിൽ ലഭിക്കുന്ന സംതൃപ്‌തി ജനങ്ങൾക്കും ലാത്തി പിടിക്കുന്ന കൈകളിൽ തൂമ്പ പിടിച്ച്‌  ഒഴിവുസമയങ്ങളിൽ സുഭിക്ഷ കേരളത്തിനായി അധ്വാനിക്കാനാകുന്ന ആത്‌മസംതൃപ്‌തി കാക്കിക്കുള്ളിലെ കർഷക ഹൃദയങ്ങളിലും പ്രകടം.
 
 കർണാടക വനമേഖലയോട്‌ ചേർന്ന്‌ കിടക്കുന്ന വൈതൽമലയുടെ അടിവാരമായ കുടിയാന്മലയിലെ പൊലീസ്‌ സ്‌റ്റേഷൻ മൂന്ന്‌‌ വർഷം മുമ്പുവരെ മറ്റു ‌ സ്‌റ്റേഷനുകളിൽനിന്ന്‌ ഒട്ടും വ്യത്യസ്‌തമായിരുന്നില്ല.  എല്ലാ സ്‌റ്റേഷനുകളെയും പോലെ സ്‌റ്റേഷനുമുന്നിൽ  തുരുമ്പെടുത്തത്‌ ദ്രവിക്കുന്ന കസ്‌റ്റഡി വാഹനങ്ങളുടെ കൂമ്പാരം തന്നെ. 
 

കൃഷിയുടെ തുടക്കം

 
ബിഎസ്‌എഫി (അതിർത്തി രക്ഷാ സേന)ൽ ഇരുപത്തിരണ്ടു  വർഷത്തെ സേവനത്തിനു‌ ശേഷം ഹെഡ്‌ കോൺസ്‌റ്റബിളായി വിരമിച്ചതാണ് വരമ്പകത്ത്‌ മാത്യു.  സ്‌റ്റേഷൻ പരിധിയിലെ പൂപ്പറമ്പാണ്‌‌ സ്വദേശം. ‌ മാത്യുവിന്‌ ഹോംഗാർഡായി കുടിയാന്മല സ്‌റ്റേഷനിൽ നിയമനം ലഭിച്ചു. സ്‌റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രമായ ചെമ്പേരി ടൗണിലെ ട്രാഫിക്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തി അത്‌ കർശനമായി നടപ്പാക്കിയ ഹോംഗാർഡിനെ ആദരിക്കാൻ വീട്ടിലെത്തിയ പൊലീസ്‌ ഉദ്യോഗസ്ഥർ  മാത്യുവിന്റെ പുരയിടത്തിൽ കണ്ടത്‌ അമ്പരപ്പിക്കുന്ന കാഴ്‌ചയായിരുന്നു. 50 സെന്റ്‌ വീട്ടുപറമ്പിൽ ഇല്ലാത്ത കൃഷികളില്ല. റബറും തെങ്ങും കുരുമുളകും പച്ചക്കറികളും മുതൽ റംബൂട്ടാൻ, ഓറഞ്ച്‌ ഉൾപ്പെടെയുള്ള ഫലവർഗങ്ങൾ വരെ. പശു, കോഴി, താറാവ്‌ എന്നിവ വേറെയും. അമ്പത്‌ സെന്റിൽ അമ്പത്‌ വിളകൾ. ഭക്ഷണത്തിന്‌ അരി ഒഴികെ ഒന്നും പുറത്തുനിന്ന്‌ വാങ്ങേണ്ട. മാത്യുവിന്‌ മുന്നിൽ‌ അന്നത്തെ എസ്‌ഐ  ഡിജേഷ്  ഒരു നിർദേശം വച്ചു: ‘‘തരിശിടങ്ങളിലെല്ലാം കൃഷി നടത്താം. സുഭിക്ഷ കേരളത്തിന്‌ കൈത്താങ്ങാകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന നമുക്കും ഏറ്റെടുത്താലോ. മാത്യു സഹായിച്ചാൽ സ്‌റ്റേഷന്‌ സ്വന്തമായുള്ള ഒരേക്കറിൽ നമുക്കും കൃഷി നടത്താമല്ലോ.’’  സ്‌റ്റേഷനിലെ മുപ്പതോളം സഹപ്രവർത്തകർകൂടി മാത്യുവിന്‌ പ്രചോദനം നൽകിയപ്പോൾ കുടിയാന്മല മലഞ്ചെരുവിലെ ഒരേക്കർ സ്ഥലം എങ്ങനെ കൃഷിയോഗ്യമാക്കാമെന്നുള്ള ആലോചനയായി. പഴകി ദ്രവിച്ച വാഹനങ്ങളൊക്കെ നീക്കാൻ അനുമതി ലഭിച്ചതോടെ പിന്നെ എല്ലാം വേഗത്തിലായി.  
 

സഹായിക്കാൻ തൊഴിലുറപ്പ്‌ തൊഴിലാളികളും  

 
സ്‌റ്റേഷന്‌ പിന്നിൽ വർഷങ്ങളായി കാടുപിടിച്ചുകിടന്ന ഒരേക്കർ   കൃഷിയോഗ്യമാക്കാനുള്ള ശ്രമം അത്ര എളുപ്പമായിരുന്നില്ല. പൊലീസുകാർ കൃഷിക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കാട്‌ വെട്ടിത്തെളിക്കാൻ തൊഴിലുറപ്പ്‌ തൊഴിലാളികളും എത്തി. ഏറെ പ്രയാസപ്പെട്ട്‌  കാട്‌ വെട്ടിമാറ്റിയപ്പോൾ തെളിഞ്ഞു വളക്കൂറുള്ള മണ്ണ്‌. പൊലീസുകാർ അത്‌ കിളച്ച്‌ കൃഷിയോഗ്യമാക്കി. വിത്തുകൾ മുഴുവൻ മാത്യു  എത്തിച്ചു. രാസവളപ്രയോഗം വേണ്ടെന്ന്‌ ആദ്യംതന്നെ തീരുമാനിച്ചു. 
 
വിവിധതരം വാഴ, ചേമ്പ്‌, ചേന, മത്തൻ, കുമ്പളം, വഴുതന, വെണ്ട, പയർ എന്നിവയുടെ വിത്തുകൾ ഒരേക്കർ നിറച്ചു. വിശ്രമമില്ലാതെ ദിവസങ്ങൾ നീളുന്ന ഡ്യൂട്ടിക്ക്‌ ശേഷം ലഭിക്കുന്ന അവധി സമയങ്ങളിൽ പൊലീസുകാർ സ്വന്തം കൃഷിയിടത്തിലേക്ക്‌ ഇറങ്ങി. വെള്ളവും ജൈവവളപ്രയോഗവുമെല്ലാം പൊലീസുകാർ തന്നെ. 
 

ആദ്യ വിളവെടുപ്പ്‌

 
തരിശു നിലത്ത്‌ ആദ്യം നൂറുമേനി വിളയിച്ചത്‌ 2019 ൽ ആയിരുന്നു. കന്നിമണ്ണിൽ കൃഷി തഴച്ചു വളർന്നു. വെണ്ട, പാവയ്‌ക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറി വിളവുകൾ സ്‌റ്റേഷൻ മുറ്റത്ത്‌ കുമിഞ്ഞു. വിളവെടുപ്പ്‌ നാട്ടുകാർ ഉത്സവമാക്കി. ഉൽപ്പാദന ചെലവ്‌ മാത്രം ഈടാക്കിയതോടെ പച്ചക്കറികൾ വാങ്ങാൻ നാടാകെ കുതിച്ചെത്തി. അധികമായ വാഴക്കുലകൾ കുടിയാന്മലയിലെ തന്നെ പച്ചക്കറികടകളിലേക്ക്‌ നൽകി.
 
പൊലീസ്‌ സ്‌റ്റേഷനിലെ കൃഷിയുടെ വിജയഗാഥ അറിഞ്ഞതോടെ തുടർ കൃഷിക്ക്‌ സഹായവുമായി കൃഷി ഭവനും എത്തി. കൂടുതൽ വിത്തുകൾ അവർ നൽകി. കൃഷി വിജ്‌ഞാൻ കേന്ദ്രയുടെ സഹായവും ലഭിച്ചു.
 

കൊറോണക്കാലത്തെ കൃഷി

 
ഓണം കഴിഞ്ഞ്‌ വിഷുവായപ്പോഴേക്കും കൊറോണ മഹാമാരി എത്തി. സ്‌റ്റേഷൻ പരിധിയിലെ രണ്ടു വലിയ പഞ്ചായത്തിലും  കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന്  ഉറപ്പാക്കേണ്ട ചുമതല  കുടിയാന്മല സ്‌റ്റേഷനിലെ പൊലീസുകാർക്കായതോടെ പച്ചക്കറി കൃഷി പ്രതിസന്ധിയിലായി. പൊലീസുകാർക്ക്‌ വിശ്രമ സമയം ലഭിക്കാതായതുതന്നെ കാരണം.  രാവിലെയും വൈകിട്ടും വെള്ളം നനയ്‌ക്കാൻ കൂടി കഴിയാത്ത സ്ഥിതി. ഡ്യൂട്ടി തുടങ്ങും മുമ്പ്‌ പുലർകാലങ്ങളിലും അവധി ലഭിക്കുന്നവർ വീട്ടിൽപോകാതെയും കൃഷി നോക്കി നടത്തി. വിളവ്‌ അൽപ്പം കുറഞ്ഞെങ്കിലും ആഘോഷങ്ങളില്ലാത്ത കഴിഞ്ഞ വിഷുക്കാലത്തും പരിസരവാസികൾ പ്രധാനമായും സ്‌റ്റേഷനിലെ പച്ചക്കറികളെതന്നെയാണ്‌ ആശ്രയിച്ചത്‌.
 

പൊലീസുകാർക്കും പ്രചോദനം

 
പൊലീസ്‌ സ്‌റ്റേഷൻ സ്വന്തമായി കൃഷി ആരംഭിച്ചത്‌ പൊലീസുകാർക്കും കൃഷിയെ സ്‌നേഹിക്കാൻ പ്രചോദനമായി. കൃഷി തുടങ്ങിയ ശേഷം നാല്‌ എസ്‌എച്ച്‌ഒമാർ ഇവിടേ‌ക്ക്‌ സ്ഥലം മാറിയെത്തിയിരുന്നു. നിരവധി പൊലീസുകാർ സ്ഥലംമാറി പോകുകയും വരികയും ചെയ്‌തു. വനിതാ പൊലീസ്‌ ഉൾപ്പെടെ എല്ലാവരും വീടുകളിലെ പരിമിത സ്ഥലങ്ങളിൽ സ്വന്തം നിലയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി അറിവുകൾ ഹോംഗാർഡായ മാത്യുവിൽനിന്ന്‌ സ്വീകരിച്ചു. ഇതിനിടയിൽ പെൻഷനായ പൊലീസുകാർ കൃഷി മുഖ്യജീവിതമാർഗമായി തെരഞ്ഞെടുത്തു.
 

 

 

 

 

 

 

 

 

 

 

 

 

 

മാത്യു എന്ന കൃഷി പാഠശാല

 
ഒരു ഹോംഗാർഡിന്റെ പ്രേരണയിൽ പൊലീസ്‌ തരിശുനിലം കൃഷിയോഗ്യമാക്കിയതറിഞ്ഞതോടെ  സമ്മിശ്ര കൃഷി രീതികൾ പഠിക്കാൻ മാത്യുവിനെ തേടി കൂടുതൽ പേർ എത്തിത്തുടങ്ങി. തന്റെ പുരയിടത്തിലെ നാമമാത്ര കൃഷികൊണ്ട്‌ സമ്മിശ്ര കൃഷിയുടെ എല്ലാ വശങ്ങളും പഠിപ്പിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ പൂർണ ശാസ്‌ത്രീയ അറിവുകൾ താൻ സ്വായത്തമാക്കിയിട്ടില്ലെന്നും തിരിച്ചറിഞ്ഞ മാത്യു കൃഷി പഠിക്കാനെത്തുന്നവരെ നിരാശപ്പെടുത്താൻ തയ്യാറായില്ല. നാലേക്കർ ഭൂമി പാട്ടത്തിനെടുത്തു. മൃഗപരിപാലനം, നാണ്യവിളകൾ, കിഴങ്ങുവർഗങ്ങൾ, പക്ഷി പരിപാലനം, പച്ചക്കറി തുടങ്ങിവ ആരംഭിച്ചു. ശാസ്‌ത്രീയ കൃഷി പരിശീലനത്തിന്‌ കൃഷി വിജ്‌ഞാൻ കേന്ദ്രയുടെയും കൃഷി–- മൃഗ സംരക്ഷണ വകുപ്പുകളുടെയും സഹായം തേടി. കൃഷി വിജ്‌ഞാൻ കേന്ദ്രയിൽനിന്ന്‌ ആഴ്‌ച തോറും ശാസ്‌ത്രജ്ഞരെത്തിയാണ്‌ മാത്യുവിന്റെ കൃഷി പാഠശാലയിൽ പഠിതാക്കൾക്ക്‌ ക്ലാസുകൾ നൽകുന്നത്‌. മൃഗപരിപാലനം, കിഴങ്ങുവിളകൾ എന്നിവയിലാണ്‌ കൂടുതൽ ക്ലാസുകൾ നടന്നതെന്ന്‌ മാത്യു പറഞ്ഞു. എൻജിനിയറിങ്‌ വിദ്യാർഥികൾവരെ മാത്യുവിനെ തേടി കൃഷി പഠിക്കാനെത്തുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top