തിരുവനന്തപുരം
വട്ടിയൂർക്കാവിൽ അട്ടിമറി സംശയിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്‌താവന സംസ്ഥാനത്തെ കോൺഗ്രസ് –- ബിജെപി അണിയറ നീക്കം സമ്മതിക്കാലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.ഈ തുറന്നുപറച്ചിൽ പരാജയം മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം മണ്ഡലത്തിൽപോലും വോട്ട് നിലനിർത്താൻ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിലെ കോൺഗ്രസിനുണ്ടായിരിക്കുന്നത്. വട്ടിയൂർക്കാവിൽ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസ് വോട്ട് കൂട്ടത്തോടെ മാറ്റി ചെയ്‌തതുകൊണ്ടാണ് ബിജെപി അക്കൗണ്ട് തുറന്നത്. അതിൽനിന്ന് ഒരു പാഠവും പഠിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം നടത്താനാവശ്യമായ വ്യക്തമായ അംഗബലം ലഭിക്കും. ഇത് മനസ്സിലാക്കി ബിജെപി നേതൃത്വവും വിറളിപിടിച്ച് രംഗത്തുവന്നിട്ടുണ്ട്. എൽഡിഎഫിന് തുടർഭരണം ഉണ്ടാകില്ല എന്ന ബിജെപി നേതാവ് പി കെ കൃഷ്‌ണദാസിന്റെ പ്രസ്‌താവന യുഡിഎഫും ബിജെപിയും തമ്മിൽ ചില അണിയറ നീക്കങ്ങൾ നടന്നു എന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫും- ബിജെപിയും എന്തെല്ലാം കൂട്ടുകച്ചവടം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഈ തെരഞ്ഞെടുപ്പിൽ ഏശിയിട്ടില്ല. എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.
എന്നാൽ, കോൺഗ്രസിനകത്ത് വലിയ തർക്കം ആരംഭിച്ചിരിക്കുകയാണ്.
അതിന്റെ തുടക്കമാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പുതന്നെ ഇതാണ് അവസ്ഥയെങ്കിൽ ഫലം പുറത്തുവന്നശേഷമുള്ള അവസ്ഥ എന്തായിരിക്കും. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലത്തിൽ തന്നെ കോൺഗ്രസിന്റെ പോസ്‌റ്റർ തൂക്കിവിറ്റു എന്നത് അപമാനകരമാണെന്നും തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..