തിരുവനന്തപുരം
അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പോറ്റാന്‍ പാടുപെടുന്നതിനിടെയാണ് കൊല്ലം ജോനകപ്പുറം സ്വദേശി അക്സനോ എന്ന 22 കാരൻ റോഡപകടത്തിൽ പെടുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുസംഭവിച്ചില്ല. തങ്ങൾക്ക് താങ്ങായിരുന്ന അക്സനോ മരിച്ചെങ്കിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അമ്മയും സഹോദരിമാരും തീരുമാനമെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതസഞ്‌ജീവനി പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്ന അഞ്ചുരോഗികൾക്കാണ് മരണശേഷം അക്‌സനോ പുതുജീവനേകിയത്.
ഏപ്രിൽ ആറിന് വൈകിട്ടായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച അപകടമുണ്ടായത്. ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ സഹോദരി ജോസ്ഫിനെ കൂട്ടാൻ ബൈക്കില്‍ പോയ അക്സനോയെ ഒരു കാറിടിച്ചുവീഴ്‌ത്തുകയായിരുന്നു. സംഭവമറിയാതെ ജോലി കഴിഞ്ഞ് നടന്നുപോകുകയായിരുന്ന ജോസ്ഫിനും അപകടം നടക്കുന്ന സ്ഥലത്തെത്തി. ആൾക്കൂട്ടംകണ്ട് നോക്കുമ്പോൾ സ്വന്തം സഹോദരനാണ് അപകടത്തില്‍പ്പെട്ട് കിടക്കുന്നതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം എസ് ഷര്‍മ്മദിനെ ബന്ധപ്പെട്ടു. കോവിഡ് കാലമായതിനാല്‍ ഐസിയു ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോ. ഷര്‍മ്മദ് അക്സനോയ്ക്ക് പ്രത്യേകം ഐസിയു കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ പരിശ്രമം ഫലവത്തായില്ല. വെള്ളിയാഴ്ച വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചപ്പോഴേക്കും അക്സനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ഡോ. ഷര്‍മ്മദിനോട് ഒരു അഭ്യര്‍ഥന കൂടി നടത്തി. അക്സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്നായിരുന്നു ആ അഭ്യര്‍ഥന.
അച്ഛന്റെ മരണത്തോടെ കുടുംബപ്രാരാബ്‌ധം മുഴുവൻ അക്സനോയാണ് ഏറ്റെടുത്തിരുന്നത്. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും രാപകലില്ലാതെ അധ്വാനിച്ച് അമ്മയേയും സഹോദരിമാരെയും പോറ്റുകയായിരുന്നു. ജോനകപ്പുറത്തെ വാടകവീട്ടില്‍ അമ്മ മേരിക്കും സഹോദരിമാരായ ജോസ്ഫിനും സിന്‍സിക്കുമൊപ്പമായിരുന്നു താമസം.
കുടുംബാംഗങ്ങളുടെ അഭ്യർഥന പരിഗണിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു.
വൃക്കകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തന്നെ രണ്ടു രോഗികള്‍ക്കും രണ്ട് ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കുമാണ് നല്‍കിയത്. അക്സനോയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകിട്ടോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..