11 April Sunday

സിറ്റിയെ ലീഡ്‌സ്‌ തുരത്തി ; ഡല്ലാസിന്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിലേക്ക്‌ കുതിക്കുകയായിരുന്ന മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ലീഡ്‌സ്‌ യുണൈറ്റഡിന്റെ ഷോക്ക്‌. സിറ്റിയുടെ തട്ടകത്തിൽ ലീഡ്‌സ്‌ ജയം കൊയ്‌തു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തെ മാഴ്‌സലോ ബിയെൽസയുടെ കുട്ടികൾ തുരത്തിയത്‌. ഇരട്ടഗോൾ നേടിയ സ്‌റ്റുവർട്ട്‌ ഡല്ലാസാണ്‌ ലീഡ്‌സിന്റെ വിജയശിൽപ്പി. വിജയഗോൾ കളിയുടെ അന്ത്യഘട്ടത്തിലായിരുന്നു. സിറ്റിക്കുവേണ്ടി ഫെറാൻ ടോറെസ്‌ ഒരെണ്ണം തിരിച്ചടിച്ചു.പത്തുപേരായി ചുരുങ്ങിയശേഷമായിരുന്നു ലീഡ്‌സിന്റെ വിജയഗോൾ വന്നത്‌. ഗബ്രിയേൽ ജെസ്യൂസിനെ വീഴ്‌ത്തിയതിന്‌ പ്രതിരോധക്കാരൻ ലിയാം കൂപ്പർ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി.

തോറ്റെങ്കിലും 32 കളിയിൽ 74 പോയിന്റുമായി സിറ്റി ഒന്നാമത്‌ തുടർന്നു. രണ്ടു മത്സരം കുറവുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ 60 പോയിന്റുമായി രണ്ടാമതുണ്ട്‌. 45 പോയിന്റുള്ള ലീഡ്‌സ്‌ ഒമ്പതാമതാണ്‌.

ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ പ്രധാന കളിക്കാരായ കെവിൻ ഡി ബ്രയ്‌ൻ, ഇകായ്‌ ഗുൺഡോവൻ, ഫിൽ ഫോദെൻ, റൂബെൻ ഡയസ്‌ തുടങ്ങിയവരെ പുറത്തിരുത്തിയാണ്‌ ഗ്വാർഡിയോള സിറ്റിയെ ഇറക്കിയത്‌. ഗുൺഡോവനും ഫോദെനും അവസാന നിമിഷങ്ങളിൽ ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

ലീഡ്‌സ്‌ പ്രതിരോധത്തിൽ ശ്രദ്ധിച്ച്‌ പ്രത്യാക്രമണം നടത്തി. ആദ്യപകുതി അവസാനിക്കുംമുമ്പ്‌ പാട്രിക്‌ ബാംഫോർഡ്‌ ഒരുക്കിയ അവസരത്തിൽ ഡല്ലാസ്‌ ലീഡ്‌സിനെ മുന്നിലെത്തിച്ചു. പിന്നാലെ കൂപ്പർ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. എന്നാൽ, പത്തുപേരായി ചുരുങ്ങിയത്‌ ലീഡ്‌സിനെ തളർത്തിയില്ല. അവർ പൊരുതി. ഇടയ്‌ക്ക്‌ ഒരു ഗോൾ വഴങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ അർഹിച്ച ജയം ലീഡ്‌സ്‌ സ്വന്തമാക്കി.

ഇരു ടീമുകളും തമ്മിലുള്ള ആദ്യ കളിയിൽ സമനിലയായിരുന്നു ഫലം. സിറ്റിക്ക്‌ ശേഷിക്കുന്ന ആറു കളിയിൽ 11 പോയിന്റ്‌ നേടിയാൽ കിരീടം ചൂടാം.മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2–-1ന്‌ ആസ്‌റ്റൺ വില്ലയെ കീഴടക്കി. അവസാന നിമിഷം ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌ ആണ്‌ ലിവർപൂളിന്റെ വിജയഗോൾ നേടിയത്‌. ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ശേഷം മുഹമ്മദ്‌ സലാ തൊടുത്ത ഗോളിലൂടെയായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്‌. വില്ലയ്‌ക്കായി ഒല്ലീ വാട്‌കിൻസ്‌ ഗോളടിച്ചു.
സീസൺ ആദ്യം വില്ല ലിവർപൂളിനെ തകർത്തിരുന്നു.52 പോയിന്റുമായി പട്ടികയിൽ നാലാമതാണ്‌ ലിവർപൂൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top