12 April Monday

ഡൽഹി ലാൽ മസ്‌ജിദ്‌ പൊളിച്ച്‌ പട്ടാള ക്യാമ്പ്‌ നിർമിക്കാൻ നീക്കം

സ്വന്തം ലേഖകൻUpdated: Sunday Apr 11, 2021

ന്യൂഡൽഹി
ഡൽഹി ലോധി റോഡിലെ പുരാതനമായ ലാൽ മസ്‌ജിദ്‌ പൊളിച്ച്‌ സിആർപിഎഫിന്‌ ബാരക്കും മറ്റും പണിയാൻ കേന്ദ്ര സർക്കാർ നീക്കം. ഡൽഹി വഖഫ്‌ ബോർഡിന്റെ ഹർജിയില്‍ വിഷയത്തില്‍ ഇടപെട്ട ഡൽഹി ഹൈക്കോടതി കേന്ദ്രനടപടി സ്‌റ്റേ ചെയ്‌തു. മസ്‌ജിദ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തൽസ്ഥിതി തുടരണമെന്നും രണ്ടാഴ്ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കുമെന്നും ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ സച്ച്‌ദേവ ഉത്തരവിട്ടു.
 മസ്‌ജിദ്‌ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഡൽഹി വഖഫ്‌ ട്രിബ്യൂണലിലുള്ള കേസ്‌ അവഗണിച്ചാണ് കേന്ദ്ര നീക്കം. മസ്‌ജിദും കബർസ്ഥാനും സ്ഥിതിചെയ്യുന്ന എട്ടേക്കർ സ്ഥലം വഖഫ്‌ ഭൂമിയായി 1970ൽ ഡൽഹി സർക്കാർ ഗസറ്റ്‌ വിജ്ഞാപനം ചെയ്‌തിരുന്നു.

ആരെങ്കിലും ഒരു വർഷത്തിനകം ഇതു ചോദ്യം ചെയ്യാതിരിക്കുകയോ കോടതി റദ്ദാക്കുകയോ ചെയ്യാത്തപക്ഷം വിജ്ഞാപനം അന്തിമമാണെന്ന്‌ വഖഫ്‌ ബോർഡ്‌ സ്‌റ്റാൻഡിങ്‌ കോൺസൽ വജീഷ്‌ ഷഫീഖ്‌ പറഞ്ഞു. എന്നാൽ, ഈ ഭൂമിയിൽനിന്ന്‌ 2.23 ഏക്കർസ്ഥലം സിആർപിഎഫ്‌ ബാരക്ക്‌, ക്യാന്റീൻ, പാർക്കിങ്‌ എന്നിവയ്‌ക്കായി അനുവദിച്ച്‌ 2017ൽ കേന്ദ്ര നഗരകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇതിനെതിരെ മസ്‌ജിദ്‌ ‌അധികൃതർ നൽകിയ ഹർജിയാണ്‌ വഖഫ്‌ ട്രിബ്യൂണലിന്റെ പരിഗണനയിലുള്ളത്‌‌.

ഈ സാഹചര്യത്തിൽ കേന്ദ്രനീക്കം നിയമവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഹൈക്കോടതിയെ സമീപിച്ചതെന്ന്‌ വജീഷ്‌ ഷഫീഖ്‌ പറഞ്ഞു. സിആർപിഎഫ്‌ സ്ഥലത്ത്‌ മുള്ളുവേലി കെട്ടുകയും പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. മസ്‌ജിദ്‌ ഒഴിയണമെന്ന്‌ ഡൽഹി നിസാമുദ്ദീൻ പൊലീസ്‌ എസ്‌എച്ച്‌ഒ മാർച്ച്‌ 31നു ആവശ്യപ്പെട്ടതായി പള്ളി ഇമാം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top