11 April Sunday

വിഷുപൂജകൾക്ക്‌ ശബരിമല നട 
തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021


പത്തനംതിട്ട
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല  നട തുറന്നു. ശനിയാഴ്‌ച വൈകിട്ട്‌ 5ന്‌ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രങ്ങളുടെയും മാളികപ്പുറം ദേവീക്ഷേത്രത്തിലെയും നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു.
ഞായറാഴ്‌ച മുതൽ തീർഥാടകർക്ക്‌ സന്നിധാനത്തേക്ക്‌ പ്രവേശനം അനുവദിക്കും. 14ന്‌ പുലർച്ചെയാണ്‌ വിഷുക്കണി ദർശനം. 18ന്‌ രാത്രി ഹരിവരാസനം പാടി നടയടയ്‌ക്കും.   നെയ്യഭിഷേകം, ഉദയാസ്‌തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ക്ഷേത്രനട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 

പ്രതിദിനം 10,000 പേർക്കാണ്‌ ദർശനത്തിന്‌‌ അനുമതി. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റുള്ളവർക്കേ നിലയ്‌ക്കലിൽനിന്ന്‌ സന്നിധാനത്തേക്ക്‌  പ്രവേശനമുള്ളു. രണ്ടു ഡോസ്‌ വാക്‌സിൻ എടുത്തവർക്ക്‌ ആർടിപിസിആർ വേണ്ട.  കോവിഡ്‌ പരിശോധന നടത്താതെ വരുന്നവർക്കും സർട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂർ കഴിഞ്ഞവർക്കും നിലയ്‌ക്കലിൽ ആർടിപിസിആർ പരിശോധനാ സൗകര്യം ഉണ്ട്‌. നാലു മണിക്കൂറിനുള്ളിൽ ഫലമറിയാം. പരിശോധനാ നിരക്ക്‌ 1700 രൂപയാണ്‌.

ഞായറാഴ്‌ച രാവിലെ അഞ്ചിന്‌ നടതുറക്കും. തുടർന്ന്‌ നിർമാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ദാരുശിൽപങ്ങളുടെ സമർപ്പണം ഞായറാഴ്‌ച നടക്കും. രാവിലെ 10ന്‌ തന്ത്രി കണ്‌ഠര്‌ രാജീവരുടെ മുഖ്യകാർമികത്വത്തിലാണ്‌ ചടങ്ങ്‌. ശ്രീകോവിലിന്‌ മുന്നിൽ  ബലിക്കൽപ്പുരയുടെയും  നമസ്‌കാര മണ്ഡപത്തിന്റെയും മുകൾ ഭാഗത്താണ്‌ ദാരുശിൽപ്പങ്ങൾ സ്ഥാപിക്കുന്നത്‌. തേക്കിലുള്ള ദാരുശിൽപങ്ങളുടെ ശിൽപി എളവള്ളി നന്ദനാണ്‌.  ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഞായറാഴ്‌ച വൈകിട്ട്‌ ദർശനത്തിന്‌ എത്തും. 12ന്‌ മടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top