12 April Monday

റഷ്യൻ വാക്സിനും 
അനുമതി നൽകുന്നു

സ്വന്തം ലേഖകൻUpdated: Sunday Apr 11, 2021

ന്യൂഡൽഹി
രാജ്യത്ത്‌ കടുത്ത കോവിഡ്‌ വാക്‌സിൻ ക്ഷാമം തുടരവെ റഷ്യൻ വാക്‌സിനായ സ്‌പുട്‌നിക് -വി അടക്കം പുതിയ വാക്‌സിനുകൾ രാജ്യത്ത് ലഭ്യമാക്കാന്‍ കേന്ദ്രം. കോവിഷീൽഡ്‌, കോവാക്‌സിൻ എന്നിവ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യം. ഇവയുടെ പ്രതിദിന ഉൽപ്പാദനം 23 ലക്ഷം ഡോസ് മാത്രം. എന്നാല്‍, പ്രതിദിനം ശരാശരി 35 ലക്ഷം ഡോസ്‌ കുത്തിവയ്ക്കുന്നുണ്ട്. ലഭ്യതയിൽ 12 ലക്ഷം ഡോസിന്റെ കുറവുള്ളതിനാലാണ് മറ്റ്‌ വാക്‌സിൻ സ്രോതസ്സുകളെ ആശ്രയിക്കാന്‍ കേന്ദ്രം നിർബന്ധിതമായത്.

സ്‌പുട്‌നിക്കിന്‌ പുറമേ ജോൺസൺ ആൻഡ്‌ ജോൺസൺ, നൊവാക്‌സ്‌ , സൈഡസ്‌ കാഡില വാക്‌സിനുകളും മൂക്കിലൂടെ നൽകാൻ ഭാരത്‌ ബയോടെക്‌ വികസിപ്പിക്കുന്ന  വാക്‌സിനും ലഭ്യമാക്കാനാണ്‌ ശ്രമം. സ്‌പുട്‌നിക്കിന് 10 ദിവസത്തിനകം കേന്ദ്രം ഉപയോഗാനുമതി നൽകുമെന്നാണ്‌ സൂചന.   ഡോ. റെഡ്ഡീസ്‌, ഹെറ്റെറോ ബയോഫാർമ, ഗ്ലാൻഡ്‌‌ ഫാർമ, സ്‌റ്റെലിസ്‌ ബയോഫാർമ, വിക്രോ ബയോടെക്‌ എന്നീ കമ്പനികളാകും സ്‌പുട്‌നിക് ഇന്ത്യയില്‍ നിർമിക്കുക. ഉപയോഗാനുമതി വേഗം ലഭിച്ചാൽ ജൂണില്‍ സ്‌പുട്‌നിക് ലഭ്യമാകും. ജെ ആൻഡ്‌ ജെയും സൈഡസ്‌ കാഡിലയും ആഗസ്‌തോടെയും നൊവാക്‌സ്‌ സെപ്‌തംബറോടെയും മൂക്കിലൂടെ നൽകാവുന്നത്‌ ‌ ഒക്ടോബറോടെയും ലഭ്യമായേക്കും.

വാക്സിന്‍ ക്ഷാമം രൂക്ഷം

പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ‘വാക്‌സിൻ കുത്തിവയ്പ് മേള’യ്ക്ക്‌‌ തുടക്കമായെങ്കിലും പത്ത് സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം തുടരുന്നു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും അസമും വാക്‌സിൻ ക്ഷാമമുള്ളതായി കേന്ദ്രത്തെ അറിയിച്ചു. യുപിയില്‍ ക്ഷാമമുണ്ടെങ്കിലും പരാതിപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര, ഛത്തിസ്‌ഗഢ്‌, പഞ്ചാബ്‌, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾ വാക്സിന്‍ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, യുപി സംസ്ഥാനങ്ങൾക്ക്‌ പുറമെ ഉത്തരാഖണ്ഡിലും കുത്തിവയ്‌പ്‌ കേന്ദ്രങ്ങള്‍ അടച്ചു. ഒഡീഷയിൽ 900 കേന്ദ്രം അടച്ചു.
വാക്സിന്‍യജ്ഞം ആരംഭിച്ച്‌ 85–-ാം ദിവസം രാജ്യത്ത് കുത്തിവച്ച ഡോസ്10 കോടി കടന്നു. ഇത്രവേ​ഗം 10 കോടി കുത്തിവയ്‌പ് നടത്തിയ ഏക രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു.

റംഡിസിവിര്‍ കയറ്റുമതി 
നിരോധിച്ചു

കോവിഡ് വ്യാപനമേറുന്ന ഘട്ടത്തില്‍ വൈറസ് രോ​ഗങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായ റംഡിസിവിര്‍ ‌ കയറ്റുമതി കേന്ദ്രം നിരോധിച്ചു. റംഡിസിവിര്‍ ഇഞ്ചക്ഷനും മരുന്നിന്റെ ഘടകപദാര്‍ഥങ്ങളും കയറ്റുമതിചെയ്യുന്നത് തടഞ്ഞു. ഇന്ത്യയില്‍ ഏഴു കമ്പനി ഈ മരുന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്. മാസം 38.8 ലക്ഷം യൂണിറ്റാണ്‌ ഉൽപാദനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top