തിരുവനന്തപുരം> പ്രചാരണത്തിന് തയ്യാറാക്കിയ പോസ്റ്റർ ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവത്തിൽ പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരാതി അറിയിച്ചത്. വീണയുടെ പരാതിയിൽ അന്വേഷണം നടത്താൻ കെപിസിസി തീരുമാനിച്ചു. പിന്നാലെ ഡിസിസി നേതൃത്വം കോൺഗ്രസ് മണ്ഡലം ട്രഷററെ പുറത്താക്കി.
വീണയുടെ പ്രചാരണത്തിനുള്ള 50 കിലോ പോസ്റ്ററാണ് വ്യാഴാഴ്‌ച നന്ദൻകോട്ടെ ആക്രിക്കടയിൽ തൂക്കിവിറ്റത്. പോസ്റ്റർ വിറ്റത് കോൺഗ്രസ് കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവാണെന്ന് കണ്ടെത്തിയിരുന്നു. സ്ഥാനാർഥി പരാതിയുമായി രംഗത്തെത്തിയതോടെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ഇയാളെ ഡിസിസി പുറത്താക്കുകയായിരുന്നു.
കൂടുതൽ അന്വേഷണം നടത്താനും തീരുമാനിച്ചു. മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവിൽ നേമം മോഡൽ നടപ്പാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പിന്റെ തുടക്കംമുതൽ പുറത്തുവന്നിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പ്രചാരണത്തിന് തയ്യാറാക്കിയ പോസ്റ്റർ അതിനുപയോഗിക്കാതെ തൂക്കിവിറ്റത്. വട്ടിയൂർക്കാവിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ. എന്നാൽ, പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരാതിരുന്ന വീണ അതൃപ്‌തികൾ അതത് സമയം അറിയിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റർ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..