കൊച്ചി
പ്ലൈവുഡ് മേഖലയിൽ വ്യാജ ജിഎസ്ടി ബില്ലുകൾ തയ്യാറാക്കി 35 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയവർ പിടിയിൽ. ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ യൂണിറ്റുകൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂർ സ്വദേശികളായ എ ആർ ഗോപകുമാർ (49), കെ ഇ റഷീദ് (37) എന്നിവരെ പിടികൂടിയത്. വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരിൽ 14 വ്യാജ ജിഎസ്‌ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകൾ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് മാർച്ച് 24ന് കോയമ്പത്തൂർ, പെരുമ്പാവൂർ മേഖലകളിൽ ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ വ്യാജ ഇൻവോയിസുകളും ഇ–-വേ ബില്ലുകളും സംഘം കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ എസിജെഎം (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ ഹാജരാക്കി 11 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്ലൈവുഡ് വ്യവസായം കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപക നികുതിവെട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..