11 April Sunday

സിനിമാസംഘത്തെ ആക്രമിച്ചു; ക്ഷേത്രപരിസരത്തെ ചിത്രീകരണം ആർഎസ്എസുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021


പാലക്കാട്‌
വർഗീയത ആരോപിച്ച് ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് സംഘം ചിത്രീകരണം തടഞ്ഞ് സിനിമാപ്രവർത്തകരെ ആക്രമിച്ചു.അഭിനയിക്കാന്‍ എത്തിയ എട്ടുവയസ്സുകാരിക്കും പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണപുരം സ്വദേശികളായ സുബ്രഹ്‌മണ്യൻ, ബാബു, ശ്രീജിത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്.

ശ്രീകൃഷ്‌ണപുരം വായില്യംകുന്ന്‌ ക്ഷേത്രനടയിലാണ്‌ സിനിമാപ്രവർത്തകരെ ആർഎസ്‌എസ്സുകാർ കൈയേറ്റം ചെയ്‌തത്‌. രാഷ്‌ട്രീയപാർടികളുടെ കൊടിയും രണ്ടു മതസ്ഥർ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ്‌ ആർഎസുഎസ്സുകാരെ പ്രകോപിപ്പിച്ചത്‌. ആസൂത്രിതമായായിരുന്നു ആക്രമണം.  തിരക്കഥാകൃത്തിന്റെ  പരാതിയിൽ ആറോളം ബിജെപിക്കാർക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി    പരാതിയിൽ പറയുന്നു.

പുതുമുഖങ്ങൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആശിഷ്‌, സൽമാൻ, സിനു എന്നിവർ സംവിധാനം ചെയ്യുന്ന "നീയാം തണൽ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്രമം. ശനിയാഴ്ച രാവിലെ ഒമ്പതിനാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ  കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വർഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമം‌. 

ശ്രീജിത്ത്‌ മുള്ള‌ർ എന്ന ഫെയ്‌സ്‌ ബുക്ക്‌ പ്രൊഫൈലിലൂടെയായിരുന്നു വർഗീയപരാമർശം  നിറഞ്ഞ പ്രചരണത്തിന്‌ ആദ്യം തുടക്കമിട്ടത്‌. സിനിമയിലെ അന്യമത കഥാപാത്രങ്ങൾ ക്ഷേത്രനടയിലെത്തിയത് ചൂണ്ടിക്കാട്ടി‌ വർഗീയവിദ്വേഷം പ്രചരിപ്പിച്ചു.  തുടര്‍ന്ന്  ക്ഷേത്രത്തില്‍ ഇരച്ചെത്തിയ ആർഎസ്‌എസ്സുകാർ സിനിമാപ്രവർത്തകരെ കൈയേറ്റം ചെയ്ത്‌ ചിത്രീകരണഉപകരണങ്ങൾ നശിപ്പിച്ചു.

ക്ഷേത്രകമ്മിറ്റിയുടെ അനുവാദത്തോടെയായിരുന്നു സിനിമാചിത്രീകരണം. ആർഎസ്‌എസ്സുകാരുടെ അക്രമത്തിൽ ഷൂട്ടിങ്‌ സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ  കൈക്കാണ് പരിക്കേറ്റത്‌. പരിക്കേറ്റതിനെത്തുടർന്ന്‌ മാതാപിതാക്കൾ കുട്ടിയുമായി ആലപ്പുഴയിലേക്കു മടങ്ങി. അക്രമത്തെ തുടര്‍ന്ന് ചിത്രീകരണം നിർത്തി.

സിനിമാ ഷൂട്ടിങ്‌ തടഞ്ഞ സംഭവം ; ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യസംഘം
പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നുവന്ന ‘നീയാം നദി' എന്ന സിനിമയുടെ  ചിത്രീകരണം തടഞ്ഞ ആർഎസ്എസ് ക്രിമിനലുകളുടെ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. സിനിമയിൽ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്നാരോപിച്ചായിരുന്നു അക്രമം.കേന്ദ്രത്തിൽ നരേന്ദ്രമോഡി ഭരിക്കുന്നെന്ന അഹന്തയിൽ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർഎസ്എസ് രാജ്യത്ത് നടത്തുന്നത്.

കലയും സാഹിത്യവും സർഗാവിഷ്‌കാരവും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.
 ജനാധിപത്യകേരളത്തിൽ ആർഎസ്എസിന്റെ ഈ നീക്കം അനുവദിക്കില്ല. സിനിമ തടയുന്ന ആർഎസ്എസ് ഭീകരത ചെറുത്തു തോൽപ്പിക്കും. കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് പ്രസിഡന്റ്‌ ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top