10 April Saturday

ഇടതുപക്ഷത്തുറച്ച്‌ 24 പർഗാനാസ്

ഗോപി കൊൽക്കത്തUpdated: Saturday Apr 10, 2021

24 ദേശങ്ങളുടെ നാടായ 24 പർഗാനാസ് ജില്ലകളിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ബംഗാളിൽ ഇടതു സംയുക്തമുന്നണി നടത്തുന്നത്. കൊൽക്കത്ത മഹാനഗരിയുടെ ഉത്തര ദക്ഷിണ ഭാഗങ്ങളിലായി വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ രണ്ടു ജില്ലയിലുമായി 64 നിയമസഭാ സീറ്റാണുള്ളത്. കടുത്ത ത്രികോണമത്സരമാണ് എല്ലായിടത്തും നടക്കുന്നത്‌. വിശാലമായ ഈ പ്രദേശം വടക്ക് ബംഗ്ലാദേശ് അതിർത്തിയായ ബാഗ്ദാഹമുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രംവരെ നീണ്ടുകിടക്കുന്നു. 1986ൽ ദക്ഷിണ – ഉത്തര 24 പർഗാനകളായി ഭാഗിക്കുന്നതുവരെ ഏകദേശം കേരളത്തിന്റെ മുക്കാൽ ഭാഗം വിസ്തീർണമായിരുന്നു ഉണ്ടായിരുന്നത്. പടിഞ്ഞാറ് ഹൂഗ്ലി നദിക്കും കിഴക്ക് ഇച്ചാമതി നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ജില്ലകൾ ബംഗ്ലാദേശുമായി 366 കിലോമീറ്ററാണ് അതിർത്തി പങ്കുവയ്‌ക്കുന്നത്. സുന്ദർബൻ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ–- കണ്ടൽക്കാടുകൾ ഈ ജില്ലകളിലാണ്. ബംഗാൾ ടൈഗർ എന്ന അപരനാമത്തിലറിയപ്പെടുന്ന നരികളുടെ സങ്കേതകേന്ദ്രവുമാണിവിടം. ജനങ്ങളിൽ നല്ലൊരുഭാഗം രാജ്യവിഭജനകാലത്ത് കിഴക്കൻ ബംഗാളിൽനിന്ന്‌ കുടിയേറിയവരും അവരുടെ പരമ്പരയുമാണ്. 1977ൽ ഇടതുമുന്നണി സർക്കാർ ബംഗാളിൽ അധികാരത്തിൽ വന്നതിനുശേഷമാണ് അവരെ സ്ഥിരമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ എടുത്തത്.

പ്രതാപം നഷ്‌ടമായ വ്യവസായമേഖല
വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പെരുമയാർജിച്ച സ്ഥലമാണ് ഉത്തര –ദക്ഷിണ 24 പർഗാനാസ് ജില്ലകൾ. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ചണമില്ലുകൾ പ്രവർത്തിക്കുന്നത് ഈ ജില്ലകളിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്. ഉത്തര 24 പർഗാനയിലെ ഡംഡം, ബാരക്‌പുർ, ബാരാനഗർ, ടിറ്റാനഗർ, നൈഹട്ടി എന്നിവയും ദക്ഷിണ ഇരുപത്തിനാല്‌ പർഗാനയിലെ ബഡ്ജ് ബഡജ്, മെട്ടിയാബുർസ്, മഹേശ്തല, ഗാർഡൻറീച്ച് എന്നിവയുമാണ് വ്യവസായ മേഖലകൾ. സംസ്ഥാനത്ത് അതിവേഗം വളർന്നുവന്ന വിവര സാങ്കേതിക വ്യവസായത്തിന്റെ സിരാകേന്ദ്രമായ സാൾട്ട് ലേക്ക്, രാജാർഹട്ട് എന്നിവ ഉത്തര 24 പർഗാനാസ് ജില്ലകളിലാണ്. ബിധാൻ ചന്ദ്ര റോയ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കൊൽക്കത്തയുടെ ഉപനഗരിയായി സാൾട്ട് ലേക്കിന് രൂപം കൊടുത്തത്. ഇടതുമുന്നണി ഭരണകാലത്ത് രാജാർഹട്ട് എന്ന വിവര സാങ്കേതിക നഗരി രൂപം കൊണ്ടു. വലിയ മാറ്റമാണ് ഇടതുമുന്നണി കൊണ്ടുവന്നത്‌. വൈകിയാണെങ്കിലും ലോകോത്തര ഐടി കമ്പനികൾ പലതും ഇവിടെ എത്തി. പതിനായിരക്കണക്കിന് യുവാക്കൾക്ക് അതുമൂലം തൊഴിൽ ലഭിച്ചു. ദക്ഷിണ 24 പർഗാനയിലും വൻ മാറ്റമാണ് നടപ്പാക്കിയത്. കൊൽക്കത്തയോട്‌ അടുത്തുകിടക്കുന്ന ജില്ലയുടെ ഭാഗങ്ങളിൽ നഗരവൽക്കരണം ധ്രുതഗതിയിൽ നടന്നു. കൃഷിയെ അടിസ്ഥാനമാക്കി പല വ്യവസായങ്ങളും ഉടലെടുത്തു.

കേന്ദ്ര സർക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഫലമായി സംസ്ഥാനത്തൊട്ടാകെയെന്നപേലെ 24 പർഗാനകളിലും പരമ്പരാഗതമായ പല പ്രമുഖ വ്യവസായങ്ങളും പൂട്ടുകയോ രോഗാതുരമാകുകയോ ചെയ്‌തു. ഒപ്പം ഇടതുമുന്നണി സർക്കാരിന്റെ വ്യവസായ വികസനപദ്ധതികൾ തുരങ്കം വച്ചുകൊണ്ട്‌ മമത ബാനർജി നടത്തിയ അക്രമാസക്ത പ്രക്ഷോഭവും വിധ്വംസക പ്രവൃത്തികളും വ്യവസായങ്ങൾ ഇല്ലാതാക്കി. അത് ഐടി മേഖലയുടെ വിശ്വാസവും നഷ്ടപ്പെടുത്തി. നിരവധി കമ്പനികൾ അടച്ചുപൂട്ടി. ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകൾ അന്യസ്ഥലങ്ങളിലേക്ക് കുടിയേറി. ഒരുകാലത്ത് ബഹുഭൂരിപക്ഷം നിയമസഭാ സീറ്റുകളും ഇടതുമുന്നണിയാണ് നേടിയിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന് ക്ഷീണം സംഭവിച്ചു. തൊഴിൽമേഖലയിലുണ്ടായ മന്ദതയും മമത ബാനർജി അഴിച്ചുവിട്ട വ്യവസായ വികസന വിരുദ്ധ പ്രക്ഷോഭവും ഇടതുമുന്നണി ഭരണത്തിനെതിരെ നടത്തിയ അപവാദ പ്രചാരണവും ഒരുവിഭാഗം ആളുകളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചതാണ് അതിന് കാരണം.


 

പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതുമൂലം തൊഴിൽ സംഘടനകളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.
തൊഴിലും വ്യവസായ പുനരുദ്ധാരണവും ഉൾപ്പെടെ വൻ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ മമതയുടെ തനിനിറം ജനങ്ങൾ മനസ്സിലാക്കി. മമത സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ വ്യവസായമോ ഐടി കമ്പനികളോ പുതുതായി വന്നില്ല. എന്നു മാത്രമല്ല, വൻകിട ചണമില്ലുകൾ ഉൾപ്പെടെ മിക്കതും പൂട്ടി. പതിനായിരങ്ങൾ തൊഴിൽരഹിതരായി. നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിപ്രോയുൾപ്പെടെ പല ഐടി കമ്പനികളും സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുകൾമൂലം അടച്ചുപൂട്ടി. അവിടെ ജോലിചെയ്തിരുന്നവർ അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറി. ചണ കൃഷിക്കാർ വൻ ദുരിതത്തിലായി. കുടിൽ കരകൗശല വ്യവസായവും അപ്പാടെ തകർന്നു. തൃണമൂൽ അടക്കിവാണ പഞ്ചായത്തുകൾ അഴിമതിയുടെ കോട്ടകളായി.

വർഗീയത പടർത്താൻ ശ്രമം
ഉത്തരഭാഗത്ത് 27 ശതമാനവും ദക്ഷിണഭാഗത്ത് 31 ശതമാനവും മുസ്ലിം ന്യൂനപക്ഷങ്ങളാണ്. ഐക്യവും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ബിജെപിയും തൃണമൂലും ഒരുപോലെ ശ്രമിക്കുന്നത്. മൂന്നുവർഷത്തിനുള്ളിൽ ഇവിടെ പല ഭാഗങ്ങളിലും നിരവധി വർഗീയലഹളകൾ നടന്നു. ഉത്തര 24 പർഗാനാസിൽ പിന്നോക്കക്കാരായ മാത്തുവ വിഭാഗത്തിന് ഗണ്യമായ സ്വാധീനമുണ്ട്‌. ബംഗ്ലാദേശിൽ ഒരാഖണ്ഡി എന്ന സ്ഥലത്ത് ഇപ്പോഴും അവരുടെ പുരാതനമന്ദിരമുണ്ട്‌. അടുത്തിടെ ബംഗ്ലാദേശ് സന്ദർശിച്ച പ്രധാനമന്ത്രി മോഡി അവിടെ പോകാനും പൂജ നടത്താനും പ്രത്യേക സമയം കണ്ടെത്തി. ആ വിവരം ട്വിറ്ററിൽ കുറിച്ച് അതിന്റെ ബംഗാളി പരിഭാഷ ജില്ലയിലൊട്ടാകെ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ആദ്യമായി അവിടെ പോയത് വോട്ടർമാരെ സ്വാധീനിക്കാനാണ്‌ എന്ന വിമർശമാണ് ഉയർന്നത്.

ഉത്തര 24 പർഗാന ജില്ലയിൽ 33 ഉും ദക്ഷിണ 24 പർഗാനയിൽ 31 സീറ്റും വീതമാണുള്ളത്. ആകെയുള്ള 64ൽ 48 ഇടത്ത് ഇടതുമുന്നണി മത്സരിക്കുന്നു. 11 ഇടത്ത് സംയുക്ത മുന്നണിയിലെ കോൺഗ്രസും അഞ്ചിടത്ത് ഐഎസ്എഫിന്റെയും സ്ഥാനാർഥികളാണ്. 2016ൽ രണ്ടിടത്തുംകൂടി ഇടതുമുന്നണിക്ക്‌ ഏഴ്‌ സീറ്റാണ് ലഭിച്ചത്. എന്തായാലും ഇത്തവണ അതിന് വലിയ മാറ്റം വരും.

സംയുക്ത മുന്നണിയും തൃണമൂലും ബിജെപിയും എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്‌. തൃണമൂലിൽനിന്ന്‌ കാലുമാറിയെത്തിയവരാണ് ബിജെപി സ്ഥാനാർഥികളിൽ നല്ലൊരു പങ്കും. 24 പർഗാനകൾ പിടിച്ചാൽ ആർക്കും സംസ്ഥാനഭരണം നേടാം എന്നാണ് പൊതുവായ വാദഗതി. കാർഷിക പ്രക്ഷോഭങ്ങളിലൂടെയും തൊഴിൽ സമരങ്ങളിലൂടെയും അറിയപ്പെട്ട ദേശങ്ങളുടെ വിപ്ലവ പാരമ്പര്യം കൂടുതൽ ഉയർത്തിപ്പിടിക്കാനാണ് ഉത്തര ദക്ഷിണ 24 പർഗാനകൾ തയ്യാറെടുക്കുന്നത്. മാഫിയകളുടെ ആധിപത്യത്തിന് അറുതിവരുത്തി സമാധാനവും സ്വൈരജീവിതവും തിരികെ കൊണ്ടുവരാനുള്ള അവസരം കൂടിയാണ് അവിടത്തെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top