09 April Friday

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കൽ 
നിയമലംഘനം ; തെരഞ്ഞെടുപ്പ്‌ കമീഷൻ വിശ്വാസ്യത 
നഷ്ടപ്പെടുത്തരുതെന്ന് പി ഡി ടി ആചാരി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


ന്യൂഡൽഹി
നിലവിലെ നിയമസഭയുടെ കാലത്ത്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കാൻ കേന്ദ്രവും തെരഞ്ഞെടുപ്പ്‌ കമീഷനും നിരത്തുന്ന കാരണങ്ങൾ ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം. രാജ്യസഭാ അംഗങ്ങൾ വിരമിക്കുമ്പോള്‍ നിലവിലുള്ള നിയമസഭയാണ്‌‌ പുതിയഅംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന്‌ നിയമത്തിൽ സംശയാതീതമായി വിശദീകരിക്കുന്നുണ്ടെന്ന്‌ ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കണമെന്ന്‌ ഒരിടത്തും പറയുന്നില്ല.

രാജിയോ മരണമോമൂലം ഒഴിവുവന്നാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി.  ശേഷിക്കുന്നത്‌ ഒരു വർഷത്തിൽ താഴെയാണെങ്കിലും തെരഞ്ഞെടുപ്പ്‌ ഒഴിവാക്കാം.  ആറു വർഷം പൂർത്തിയാക്കി അംഗങ്ങൾ വിരമിക്കുമ്പോൾ,  കാലാവധി തീരുന്നതിന്‌ മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്തണം. വിരമിക്കുന്ന വേളയില്‍ നിലവിലുള്ള നിയമസഭയാണ്‌ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്‌. 1951 മുതൽ നിലനിൽക്കുന്ന വ്യവസ്ഥ ഇതുവരെ പാലിക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിൽ പല ഭേദഗതിയും വന്നെങ്കിലും ഇക്കാര്യത്തിൽ സംശയമോ തർക്കമോ ഉണ്ടായിട്ടില്ല.

നിലവിലുള്ള സഭയ്‌ക്ക്‌ ജനാഭിലാഷം പ്രകടിപ്പിക്കാനാകില്ലെന്ന വാദം പ്രസക്തമല്ല. നിയമമന്ത്രാലയത്തിന്റെ അഭിപ്രായം നിർബന്ധമായും നടപ്പാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബാധ്യതയില്ല. ഭരണഘടനാവ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കേണ്ട ഏജൻസിയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. സ്വന്തം വിശ്വാസ്യത തെരഞ്ഞെടുപ്പ്‌ കമീഷൻ നഷ്ടപ്പെടുത്തരുതെന്നും പി ഡി ടി ആചാരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top