ന്യൂഡൽഹി
ദിവസങ്ങൾക്കുള്ളിൽ വിരമിക്കാനിരിക്കുന്ന ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീംകോടതി കൊളീജിയം തീരുമാനമെടുക്കാതെ പിരിഞ്ഞു. സുപ്രീംകോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ ഒഴിവുകളിലേക്ക് ആളുകളെ ശുപാർശ ചെയ്യാനാണ് ചേർന്നത്.
ഈ മാസം 23ന് വിരമിക്കുന്ന ബോബ്‌ഡെയുടെ നേതൃത്വത്തിൽ കൊളീജിയം യോഗം ചേരുന്നത് ‘അസാധാരണ നടപടി’ ആണെന്ന് നിയമവൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അടുത്ത ചീഫ്‌ജസ്‌റ്റിസായി ജസ്‌റ്റിസ് എൻ വി രമണയെ നിയമിച്ചശേഷം നിലവിലെ ചീഫ്‌ജസ്‌റ്റിസ് തിടുക്കത്തിൽ കൊളീജിയം വിളിച്ചുചേർത്തതാണ് വിമർശനത്തിന് കാരണമായത്. ജസ്‌റ്റിസ് എൻ വി രമണ വ്യാഴാഴ്‌ച അവധിയായിരുന്നുവെന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിൽ കൊളീജിയത്തിലെ ചില അംഗങ്ങൾ യോഗം ചേരുന്നതിനോട് വിയോജിച്ചിരുന്നു.
മാർച്ച് മൂന്നാം വാരമാണ് ഇതിനുമുമ്പ് കൊളീജിയം യോഗം ചേർന്നത്. ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെയ്‌ക്ക് പുറമേ ജസ്‌റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, യു യു ലളിത്, എ എം ഖാൻവിൽക്കർ എന്നിവരാണ് സുപ്രീംകോടതി കൊളീജിയം അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..