ന്യൂഡൽഹി
കോവിഡ് രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്‌സിൻ കിട്ടാതെ പല സംസ്ഥാനവും കടുത്ത പ്രതിസന്ധിയില്‍. മഹാരാഷ്ട്ര പല ജില്ലയിലും വാക്‌സിൻ വിതരണം നിർത്തി. ഒഡിഷയിലും പലയിടത്തും വാക്‌സിൻകേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്‌സിൻ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്‌സിൻമാത്രം.
ഒരാഴ്‌ചത്തേക്കുകൂടിയുള്ള വാക്‌സിൻ വിതരണഘട്ടത്തിലാണെന്നും കേന്ദ്രം അവകാശപ്പെടുന്നു. ആന്ധ്രയിൽ വാക്‌സിൻ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രം. ബിഹാറിൽ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡിൽ 2.9 ദിവസത്തേക്കും ഒഡിഷയിൽ 4.4 ദിവസത്തേക്കുംമാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്‌സിന്‍. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു.
കേരളത്തിൽ 13.6 ദിവസത്തേക്ക് വാക്‌സിൻ ശേഖരമുണ്ട്. ഇതിനു പുറമെ 22.8 ദിവസത്തേക്കുള്ള വാക്‌സിൻ ഉടന്‍ എത്തും. എന്നാൽ, മഹാരാഷ്ട്രയിൽ 3.8 ദിവസത്തേക്കും യുപിയിൽ 2.5 ദിവസത്തേക്കും ഒഡിഷയിൽ 3.2 ദിവസത്തേക്കുമുള്ള വാക്‌സിൻമാത്രം.
വാക്‌സിൻ ക്ഷാമത്തിന് വഴിവച്ചത് കേന്ദ്രനയങ്ങൾ
ലോകത്തെ പ്രധാന വാക്‌സിൻ ഉൽപ്പാദനകേന്ദ്രമായിരുന്ന ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതിനു കാരണം കേന്ദ്രനയങ്ങൾ. പൊതുമേഖലാ വാക്‌സിൻ നിർമാണശാലകൾ പൂട്ടിയതും കോവിഡ് വാക്‌സിന് പൂർണമായും സ്വകാര്യമേഖലയെ ആശ്രയിച്ചതും ആഭ്യന്തര സ്ഥിതി പരിഗണിക്കാതെ വലിയതോതിൽ വാക്‌സിൻ കയറ്റുമതി ചെയ്‌തതും ക്ഷാമത്തിനിടയാക്കി.
സാർവത്രിക പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ വാക്‌സിനുകൾ ഉൽപ്പാദിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെയാണ് 2008 വരെ ഇന്ത്യ ആശ്രയിച്ചത്. ഇടതുപക്ഷം പിന്തുണ പിൻവലിച്ച് പുറത്തുവന്നതിനു പിന്നാലെയാണ് ഒന്നാം യുപിഎ സർക്കാർ പൊതുമേഖലാ വാക്‌സിൻ നിർമാണകേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയത്. കസൗലി, കുന്നൂർ, മുംബൈ, ചെന്നൈ വാക്‌സിൻ നിർമാണകേന്ദ്രങ്ങളാണ് പൂട്ടിയത്. ചെന്നൈയിൽ എച്ച്‌എൽഎൽ ബയോടെക്കിന്റേതായി വാക്‌സിൻകേന്ദ്രം ആരംഭിക്കാൻ 100 ഏക്കർ 2009ൽ ഏറ്റെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. എൻഡിഎ സർക്കാർ വന്നപ്പോഴും പൊതുമേഖലയോടുള്ള അവഗണന തുടർന്നു.
കോവിഡ് വാക്‌സിനായി ലോകമാകെ നെട്ടോട്ടം ആരംഭിച്ചപ്പോൾ സ്വകാര്യമേഖലയെ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാനുണ്ടായത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഇന്ത്യയിൽ ലഭ്യമായുള്ളത്. നിലവിൽ രാജ്യത്ത് കുത്തിവച്ചതില്‍ 90 ശതമാനവും കൊവിഷീൽഡാണ്. ആഭ്യന്തര ആവശ്യത്തിന് കേന്ദ്രത്തിന് നൽകിയതിനൊപ്പം കയറ്റുമതിയിലൂടെയുള്ള ലാഭവും സ്വകാര്യ കമ്പനികൾ ലക്ഷ്യമിട്ടു. ആഭ്യന്തരമായി 10 കോടി വാക്‌സിൻ നൽകിയപ്പോൾ കയറ്റുമതി ചെയ്‌തത് 6.45 കോടി ഡോസ്. ഇവിടെ ക്ഷാമം നേരിട്ടതോടെ കയറ്റുമതിയിൽ കേന്ദ്രം ഇപ്പോൾ നിയന്ത്രണമേര്‍പ്പെടുത്തി. ഇതിൽ ക്ഷുഭിതരായ വാക്‌സിൻ നിർമാതാക്കൾ കൂടുതൽ ഫണ്ട് നൽകണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ കേന്ദ്രം 3000 കോടി രൂപ നൽകണമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധത്തിനായി 35,000 കോടി രൂപ പൊതുബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇതിലൊരു ചെറിയ ഭാഗം പൊതുമേഖലാ വാക്‌സിൻ കേന്ദ്രങ്ങളുടെ നവീകരണത്തിന് നീക്കിവച്ചിരുന്നെങ്കിൽ പ്രതിസന്ധി വലിയ പരിധിവരെ ഒഴിവാക്കാമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..