10 April Saturday

സൈറൺ മുഴങ്ങി; കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി

ബഷീർ അമ്പാട്ട്‌Updated: Friday Apr 9, 2021


കരിപ്പുർ
കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനം അപായ മുന്നറിയിപ്പിനെ തുടർന്ന്‌ അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്‌ ഐഎക്സ് 934 വിമാനമാണ്‌ കാർഗോ ഭാഗത്ത്‌ തീപിടിത്തം സൂചിപ്പിക്കുന്ന അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന്‌ സുരക്ഷിതമായി തിരിച്ചിറക്കിയത്‌.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ്‌ സംഭവം. 15 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി രാവിലെ 8.37നാണ് വിമാനം കരിപ്പുർ റൺവേ വിട്ടത്. 15 മിനിറ്റോളം പറന്നപ്പോൾ കാർഗോ ഭാഗത്തുനിന്ന്‌ തീപിടിത്തത്തെ സൂചിപ്പിക്കുന്ന സൈറൺ മുഴങ്ങി. അറബിക്കടലിനുമുകളിൽ 15,000 അടി ഉയരത്തിലായിരുന്നു അപ്പോൾ വിമാനം. തുടർന്ന് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗ (എടിസി)ത്തോട്‌ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി. ഉടൻ നടപടി സ്വീകരിച്ച എടിസി റൺവേ ഒഴിപ്പിച്ചു. അഗ്നിശമന സേനയ്‌ക്കും അത്യാഹിത വിഭാഗങ്ങൾക്കും മുന്നറിയിപ്പും നൽകി. വിമാനത്താവള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പും അടിയന്തര യോഗം ചേർന്നു. ആശങ്കകൾക്കിടെ 9.10ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

റൺവേയിൽനിന്ന് മാറ്റിയിട്ട വിമാനം വിദഗ്‌ധ സംഘം പരിശോധിച്ചു. പച്ചക്കറിയായിരുന്നു കാർഗോയിൽ ഏറെയും. വിമാനത്തിൽ കയറ്റിയ കറിവേപ്പില പെട്ടികളിലെ മർദം കൂടി  അഗ്നിശമന സംവിധാനത്തിന്റെ സെൻസറുകളിൽ സ്പർശിച്ചതാകാം മുന്നറിയിപ്പ്‌ സൈറൺ മുഴങ്ങാൻ കാരണമെന്നാണ് നിഗമനം.2020 ആഗസ്‌ത്‌ ഏഴിന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട് 21 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top