കൊച്ചി
സംസ്ഥാനത്ത് ഓൺലൈൻ റമ്മി നിരോധിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഓർഡിനൻസ് ഇറക്കിയതെന്നും അശാസ്ത്രീയമായ ചൂതാട്ടം വിപത്താണെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സർക്കാർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ നിയമമുണ്ട്. അവിടെയൊന്നും കോടതികൾ ഇടപെട്ടിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗെയിംസ് ക്രാഫ്റ്റ് ടെക്നോളജീസ് അടക്കമുള്ള കമ്പനികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്. കമ്പനികൾക്കുവേണ്ടി അറ്റോർണി ജനറൽ മുഗുൾ റോഹ്തഗിയാണ് ഹാജരായത്. ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കാൻ നിലവിലുള്ള നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണംവച്ചുള്ള ഓൺലൈൻ റമ്മി കുറ്റകരമാക്കിയുള്ള ഭേദഗതി 1960ലെ കേരള ഗെയ്‌മിങ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..