10 April Saturday
ഓപ്പറേഷനിൽ നേരിട്ട്‌ പങ്കെടുത്തത്‌ നാൽവർ സംഘം

ഇഎംസിസി ഡയറക്ടറുടെ കാറിന്‌ ‘ബോംബേറ്’ ; പരാതി ആസൂത്രിത നാടകം

ജയന്‍ ഇടയ്ക്കാട്Updated: Friday Apr 9, 2021



കൊല്ലം
കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർഥിയായ ഇഎംസിസി ഡയറക്ടറുടെ കാറിന്‌ ‘പെട്രോൾ ബോംബ്‌’  എറിഞ്ഞെന്ന പരാതിക്കുപിന്നിൽ വൻ  ഗൂഢാലോചന.  വോട്ടെടുപ്പ്‌ ദിവസം  കാറിന്‌ ബോംബെറിഞ്ഞ്‌ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന വാർത്ത സൃഷ്ടിക്കാൻ സ്ഥാനാർഥിയടക്കം നാൽവർ സംഘം ആസൂത്രിതമായി ‌ നടപ്പാക്കിയ പദ്ധതിയാണിതെന്ന്‌‌ വ്യക്തമാകുന്നു. എറിഞ്ഞ ‘പെട്രോൾ ബോംബ്‌ ’ കാറിനുള്ളിൽ വീഴാതിരിക്കുകയും  പൊലീസ്‌ പട്രോളിങ്‌ സംഘം അപ്രതീക്ഷിതമായി സ്ഥലത്ത്‌ എത്തുകയും ചെയ്‌തതോടെ പദ്ധതി പൊളിയുകയായിരുന്നു.

ഷിജു എം വർഗീസിനെ കൂടാതെ ഡ്രൈവറും മറ്റൊരു കാറിൽ എത്തിയ രണ്ടുപേരുമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. ഇവർ ആരൊക്കെയെന്നത് പൊലീസ്‌  അന്വേഷിക്കുന്നുണ്ട്‌‌‌. ഫോറൻസിക്‌ പരിശോധനാഫലം ലഭിക്കുന്നതോടെ‌ കൂടുതൽ വ്യക്‌തത വരും. കണ്ണനല്ലൂർ പൊലീസ്‌ സ്‌റ്റേഷനിൽ ഷിജു എം വർഗീസ്‌ നൽകിയ മൊഴിയും ദൃക്‌സാക്ഷിയായ ചായക്കടക്കാരന്റെ മൊഴിയും  തമ്മിൽ വൈരുധ്യമുണ്ട്‌.

കൊട്ടിയം–- കുണ്ടറ റൂട്ടിൽ കുരീപ്പള്ളിക്കും മോതീൻമുക്കിനുമിടെ പുലർച്ചെ 5.30ന്‌  താൻ സഞ്ചരിച്ച കാറിന്‌ നേരെ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞെന്നാണ്‌  ‌ഷിജു പൊലീസിന്‌ നൽകിയ മൊഴി‌.  എന്നാൽ, സംഭവ സ്ഥലത്ത്‌  മണ്ണെണ്ണയുടെ ഗന്ധമാണുണ്ടായിരുന്നതത്രെ‌.  കാറിന്റെ പിന്നിലെ ഗ്ലാസിലേക്ക്‌ എറിഞ്ഞ കുപ്പി ലക്ഷ്യം തെറ്റി റോഡിൽവീണ്‌ പൊട്ടിത്തെറിക്കുകയായിരുന്നു. അതോടെ പദ്ധതി പാളി.  പെട്ടെന്ന്‌ ഉണ്ടായ പൊലീസ്‌ സാന്നിധ്യവും തിരിച്ചടിയായി. കാറിൽ പെട്രോൾ നിറച്ച കുപ്പി വേറെ കരുതിയിരുന്നതായും സൂചനയുണ്ട്‌.

പൊലീസ്‌ പട്രോളിങ് സംഘം എത്തിയശേഷം  മറ്റു രണ്ട്‌ കാറു കൂടി സ്ഥലത്തെത്തിയിരുന്നു.  ഇതു കുടാതെ ഒരു കറുത്ത കാർ  നേരത്തെ റോഡരികിൽ പാർക്ക്‌ ചെയ്‌തിരുന്നതായി സാക്ഷി മൊഴിയുണ്ട്‌. ഇതിലുണ്ടായിരുന്ന  രണ്ടു പേർക്കാണ്‌ ‌ ഓപ്പറേഷനുമായി നേരിട്ട്‌ ബന്ധമുള്ളതെന്നാണ്‌ സൂചന. ഷിജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ  ഇവർ ആരെന്ന്‌ വ്യക്‌തമാകൂ.

പൊലീസ്‌ എത്തുമ്പോൾ ഷിജു കാറിനു സമീപം തീ പടരുന്നത്‌  മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു‌. എന്നാൽ, തീയണയ്‌ക്കാൻ ഇയാൾ ശ്രമിച്ചില്ല.  മണ്ഡലത്തിലെ ബൂത്ത്‌ ഓഫീസുകൾ സന്ദർശിക്കുന്നതിനാണ്‌  പുലർച്ചെ  കാറിൽ സഞ്ചരിച്ചതെന്നാണ് ഷിജു പറഞ്ഞത്‌. എന്നാൽ, മണ്ഡലത്തിൽ ഒരിടത്തും ഷിജുവിന്‌  ബൂത്ത്‌ ഓഫീസ് ഉണ്ടായിരുന്നില്ല.  മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ സംഭവത്തിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടിയിരുന്നു.  സ്‌റ്റേഷനിൽ ഷിജുവിനെ എത്തിച്ച്‌  എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതടക്കം തുടർനടപടികളിൽ  പൊലീസിന്‌ വീഴ്‌ചപറ്റി. ഷിജുവിന്‌ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യാനോ പ്രത്യേകം മൊഴിയെടുക്കാനോ പൊലീസ്‌ തയ്യാറായില്ല.   ആഴക്കടലിൽ ആരംഭിച്ച ഗൂഢാലോചനയുടെ തുടർച്ചയാണ്‌ വോട്ടെടുപ്പ്‌ ദിവസം കണ്ടത്‌. കേരളം ചർച്ച ചെയ്യുന്ന വാർത്തയാക്കുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഷിജുവിന്റെ ഫോൺ കോളുകളും മെസേജുകളും കൂടുതൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top