ന്യൂഡൽഹി
ഛത്തീസ്‌ഗഢിൽ മാവോയിസ്‌റ്റുകൾ തട്ടിക്കൊണ്ടുപോയതായി കരുതുന്ന സിആർപിഎഫ് കമാൻഡോ രാകേശ്വർ സിങ് മൻഹാസിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ബന്ധുക്കൾ ജമ്മു–-പൂഞ്ച് ദേശീയപാത ഉപരോധിച്ചു. രാകേശ്വർ കസ്റ്റഡിയിലുണ്ടെന്നും മോചന ചര്‍ച്ചക്ക് മധ്യസ്ഥനെ നിയോഗിക്കണമെന്നും കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുടെ പേരില്‍ സാമുഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പ്രചരിച്ചിരുന്നു.
പാകിസ്ഥാനിൽനിന്ന് വിങ് കമാൻഡർ അഭിനന്ദനെ മടക്കിക്കൊണ്ടുവരാൻ ഇടപെട്ടതുപോലെ രാകേശ്വർ സിങ്ങിന്റെ സുരക്ഷ മോചനത്തിനു പ്രധാനമന്ത്രി ഇടപെടണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മീനു പറഞ്ഞു. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരു ദിവസം വൈകിയാൽ നടപടി നേരിടേണ്ടിവരും. രാകേശ്വർസിങ്ങിനെ കാണാതായിട്ട് അഞ്ച് ദിവസമായി. സർക്കാർ ഒന്നും ചെയ്യുന്നില്ല. മോചനത്തിനു വഴിയൊരുക്കാൻ മധ്യസ്ഥനെ നിയോഗിക്കണം–-മീനു പറഞ്ഞു.
രാകേശ്വർ സിങ്ങിന്റെ കമാൻഡിങ് ഓഫീസർ ഇപ്പോൾ ഫോൺ എടുക്കാൻപോലും തയ്യാറാകുന്നില്ല. ഏതെങ്കിലും പ്രമുഖൻ ആയിരുന്നെങ്കിൽ മോചനത്തിനു തിരക്കിട്ട നടപടി ഉണ്ടായേനെ. ജമ്മു–-കശ്‌മീർ ലഫ്. ഗവർണർ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്‌തതുപോലുമില്ല. കേന്ദ്രസർക്കാർ ഉടൻ ഇടപെടണം–-ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഏപ്രിൽ മൂന്നിനു ഛത്തീസ്‌ഗഢിൽ മാവോയിസ്‌റ്റ് ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 23 സുരക്ഷാഭടന്മാർ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്നാണ് രാകേശ്വർസിങ്ങിനെ കാണാതായത്. സിആർപിഎഫ് പ്രത്യേക ദൗത്യസംഘാംഗമായ ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് ഛത്തീസ്‌ഗഢിൽ എത്തിയത്. അഞ്ച് വയസ്സുള്ള മകളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..