08 April Thursday

അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞു ; ദേവസ്വം കമീഷണർക്കും 
പാപ്പാൻമാർക്കും 
സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021


അമ്പലപ്പുഴ
ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞു. 51 വയസുണ്ട്‌. രോഗബാധിതനായി അവശനായ വിജയകൃഷ്‌ണൻ വ്യാഴാഴ്‌ച പകൽ 12ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്‌ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദേശിച്ചിരുന്നതാണ്‌. എന്നാൽ ഇത് പരിഗണിക്കാതെ അയൽ ജില്ലകളിലുൾപ്പടെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് വിജയകൃഷ്‌ണനെ അയച്ചെന്ന്‌ ആരോപണമുണ്ട്‌. ഈ ഘട്ടങ്ങളിൽ ആനയ്‌ക്ക്‌ ക്രൂരമർദനമേറ്റെന്ന്‌ നാട്ടുകാർ പറഞ്ഞു.

കോട്ടയത്തായിരുന്ന ആനയെ 28ന് രാത്രിയിലാണ്‌ ലോറിയിൽ അമ്പലപ്പുഴയിൽ എത്തിച്ചത്‌. ഇവിടെയും ആനയ്‌ക്ക് ക്രൂരമർദനമേറ്റതായി പറയുന്നു. വനംവകുപ്പ് സെക്ഷൻ ഓഫീസർമാരായ മധുസൂതനൻ, പി കെ പ്രകാശ്, ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കി. കാലുകളിൽ വീക്കവും പലഭാഗങ്ങളിൽ മുറിവും കണ്ടെത്തി. രാത്രിയോടെ കോന്നിയിൽ എത്തിച്ച് പോസ്‌റ്റ്‌മോർട്ടം നടത്തി വനത്തിൽ മറവുചെയ്യും. കൂടുതൽ തെളിവുകൾക്കായി പോസ്‌റ്റ്‌മോർട്ടം വീഡിയോയിൽ പകർത്താനുള്ള ക്രമീകരണം ഒരുക്കി. ആനയെ മർദിച്ച സംഭവത്തിൽ പാപ്പാൻ പ്രദീപിനെ അമ്പലപ്പുഴ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 

ആന ചരിഞ്ഞത്‌ അറിഞ്ഞ്‌ ആനപ്രേമികളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത്‌ പ്രദേശത്ത്‌ സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.
അമ്പലപ്പുഴ രാമചന്ദ്രൻ എന്ന ആന ചരിഞ്ഞതിനെത്തുടർന്ന് 1989ലാണ് 22 വയസുണ്ടായിരുന്ന വിജയകൃഷ്‌ണനെ നാട്ടുകാരുടെയും ക്ഷേത്രവികസന ട്രസ്‌റ്റിന്റെയും നേതൃത്വത്തിൽ നടയ്‌ക്കിരുത്തിയത്. ഒന്നാം പാപ്പാൻ അമ്പലപ്പുഴ സ്വദേശി ഗോപൻ ജനുവരിയിൽ സ്ഥലം മാറിപ്പോയതോടെയാണ്‌ തിരുവനന്തപുരം സ്വദേശി പ്രദീപ്‌ എത്തിയത്. ആനയെ ഇയാൾക്ക്‌ ചട്ടമാക്കാൻ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആക്ഷേപമുണ്ട്‌.

ദേവസ്വം കമീഷണർക്കും 
പാപ്പാൻമാർക്കും 
സസ്‌പെൻഷൻ
ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും വിജയകൃഷ്‌ണനെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചതിന്‌ ചുക്കാൻപിടിച്ച ദേവസ്വം ഡെപ്യൂട്ടി കമീഷണർ ജി ബൈജു, ആനപ്പാപ്പാൻമാരായ പ്രദീപ്‌, അനിയപ്പൻ എന്നിവരെ ദേവസ്വം ബോർഡ് സസ്‌പെൻഡ്‌ ചെയ്‌തു. നാട്ടുകാരുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ വാസു, അംഗം തങ്കപ്പൻ എന്നിവർ നടത്തിയ ചർച്ചയെത്തുടർന്നാണ്‌ നടപടി.

ഇതിനിടയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനത്തിന്‌ ഹിന്ദു സംഘടനാ പ്രവർത്തകർ കേടുവരുത്തി. ചർച്ച നടന്ന ഓഫീസിന് മുന്നിൽ ഉപരോധം തീർത്ത്‌ സംഘർഷത്തിന്‌ ഇവർ ശ്രമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top