ന്യൂഡൽഹി
റഫാൽ വിമാന ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഫ്രാൻസിലും അട്ടിമറിക്കപ്പെട്ടതായി വെളിപ്പെടുത്തൽ. ഫ്രഞ്ച് വിമാനനിർമാണ കമ്പനിയായ ദസോൾട്ടും മോഡി സർക്കാരുമായുള്ള ഇടപാടിന് പിന്നിൽ വൻഅഴിമതിയുണ്ടെന്ന് പരാതി ലഭിച്ചിട്ടും ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷൻ സേവനവിഭാഗത്തിന്റെ സാമ്പത്തിക കുറ്റകൃത്യ ബ്രാഞ്ച് അന്വേഷണത്തിന് വിസമ്മതിച്ചുവെന്ന് വാർത്താപോർട്ടലായ ‘മീഡിയാപാർട്ട്’ റിപ്പോർട്ട്‌ചെയ്തു. ഇടനിലക്കാരനായ സുശേൻ ഗുപ്‌തയെന്ന ആയുധദല്ലാളിന് 8.7 കോടിയോളം രൂപ ദസോൾട്ടിൽ നിന്ന് കോഴ ലഭിച്ചുവെന്ന് മീഡിയാപാർട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ടുചെയ്‌തിരുന്നു.
ഫ്രാൻസിലെ നാഷണൽ ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസാണ് (പിഎൻഎഫ്) റഫാൽ ഇടപാടിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന പരാതി തള്ളിയത്. അറിയപ്പെടുന്ന അഴിമതിവിരുദ്ധ എൻജിഒ ആയ ‘ഷെർപ്പ’യാണ് 2018ൽ ഇടപാടിനെക്കുറിച്ച് പരാതിപ്പെട്ടത്. എന്നാൽ പിഎൻഎഫ് മേധാവിയായിരുന്ന എലിയാൻ ഉലത്ത് പരാതി തള്ളി.
ദസോൾട്ടിന്റെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു ഈ തീരുമാനം. ദസോൾട്ടിന്റെ ഇന്ത്യയിലെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ വിശദീകരണമാണ് ഉലത്ത് തേടിയത്. 2016 ൽ മോഡി സർക്കാരുമായി കരാർ ഒപ്പിടുന്നതിന് മുമ്പുതന്നെ അനിൽ അംബാനിയുടെ ഗ്രൂപ്പുമായി ദസോൾട്ടിന് ബന്ധമുണ്ടെന്ന വിശദീകരണമാണ് അഭിഭാഷകൻ നൽകിയത്.
റഫാൽ ഇടപാട് കേസിന്റെ ഔദ്യോഗിക ചുമതലക്കാരനായിരുന്ന ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ഴങ് യീവ് ലൂലോക്‌സ് വിഷയത്തിൽ അന്വേഷണം താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ ദസോൾട്ട് അഭിഭാഷകന്റെ ‘വിശദീകരണം’ ശരിവച്ച എലിയാൻ ഉലത്ത് അന്വേഷണം വേണമെന്ന ഴങ് യീവിന്റെ നിലപാട് തള്ളി.
യഥാർഥത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ദസോൾട്ടുമായുണ്ടായിരുന്ന ബന്ധം അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റേതാക്കി പിഎൻഎഫിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ദസോൾട്ട് അഭിഭാഷകൻ ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..