മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ ഉശിരൻ പോരാട്ടത്തിനു മുന്നിൽ ലിവർപൂളിന് പിടിവിട്ടു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ റയൽ ലിവർപൂളിനെ 3–-1ന് തകർത്തു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്‌റ്റർ സിറ്റി ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 2–-1ന് മറികടന്നു.
സാന്റിയാഗോ ബെർണബ്യൂവിൽ വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളിലായിരുന്നു റയലിന്റെ കുതിപ്പ്. ഒരെണ്ണം മാർകോ അസെൻസിയോ തൊടുത്തു. രണ്ടാംപകുതിയിൽ മുഹമ്മദ് സലാ ലിവർപൂളിനായി ഒരെണ്ണം മടക്കി. ഈ ഗോളിലാണ് ലിവർപൂൾ രണ്ടാംപാദത്തിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. 14ന് സ്വന്തം തട്ടകമായ ആൻഫീൽഡിൽ രണ്ടു ഗോളിന് ജയിച്ചാൽ മുന്നേറാനാകുമെന്ന കണക്കുകൂട്ടലിലാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്. 2019ൽ ബാഴ്‌സലോണയോട് മൂന്നു ഗോളിനു തോറ്റശേഷം ആൻഫീൽഡിൽ തിരിച്ചടിച്ച ആത്മവിശ്വാസമാണ് ലിവർപൂളിന്. എന്നാൽ, പഴയ കരുത്തില്ല ക്ലോപ്പിന്റെ സംഘത്തിന്. ഈ സീസണിൽ പലതവണ അവർ ആൻഫീൽഡിൽ തോറ്റു.ആദ്യ അരമണിക്കൂറിൽത്തന്നെ റയൽ വിനീഷ്യസിന്റെ ഗോളിൽ മുന്നിലെത്തി. ടോണി ക്രൂസിന്റെ ലോങ് റേഞ്ച് പാസ് പിടിച്ചെടുത്ത് വിനീഷ്യസ് അടി തൊടുക്കുകയായിരുന്നു. പിന്നാലെ ലിവർപൂൾ പ്രതിരോധക്കാരൻ ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡിന്റെ പിഴവ് മുതലാക്കി അസെൻസിയോ റയലിന്റെ നേട്ടം രണ്ടാക്കി.
രണ്ടാംപകുതിയിൽ ലിവർപൂൾ തിരിച്ചടിക്കാനായി ആഞ്ഞുശ്രമിച്ചു. സലായിലൂടെ ഒരെണ്ണം മടക്കുകയും ചെയ്‌തു. എന്നാൽ, പത്തു മിനിറ്റ് തികയുംമുമ്പേ റയലിന്റെ മൂന്നാംഗോൾ എത്തി. വിനീഷ്യസ് ഇരട്ടഗോൾ തികയ്‌ക്കുകയും ചെയ്‌തു. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ റയൽ താരമാണ് ഈ ബ്രസീലുകാരൻ.
ഡോർട്ട്‌മുണ്ടിനെതിരെ കളിയുടെ അവസാനഘട്ടത്തിൽ ഫിൽ ഫോദെൻ നേടിയ ഗോളിലാണ് സിറ്റി ജയം കുറിച്ചത്. റിയാദ് മഹ്‌റെസിലൂടെ ലീഡ് നേടിയ സിറ്റിയെ 84–-ാം മിനിറ്റിൽ ഡോർട്ട്‌മുണ്ട് പിടിച്ചു. മാർകോ റ്യൂസ് ആണ് സമനില ഗോളടിച്ചത്. അവസാന നിമിഷം ഫോദെൻ മിന്നിയതോടെ സിറ്റി ജയം പിടിക്കുകയായിരുന്നു. എതിർത്തട്ടകത്ത് ഒരു ഗോൾ നേടാനായത് ഡോർട്ട്‌മുണ്ടിന് ആശ്വാസമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..