08 April Thursday

കരുത്തിന്റെ മുംബൈ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021


മുംബൈ
ഐപിഎലിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന സംഘമാണ്‌ മുംബൈ ഇന്ത്യൻസ്‌. നിലവിലെ ചാമ്പ്യൻമാർ. ആകെ അഞ്ചുതവണ കിരീടം ചൂടി. പതുക്കെ തുടങ്ങി, അവസാനം ആഞ്ഞടിക്കുന്ന രീതിയാണ്‌ മുംബൈയുടേത്‌. 

ക്യാപ്‌റ്റൻ രോഹിത്‌ ശർമയുടെകീഴിൽ ഒരുകൂട്ടം മികച്ച താരങ്ങൾ ടീമിലുണ്ട്‌. കഴിഞ്ഞവർഷത്തെ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തായിരുന്നു മുംബൈയുടെ കിരീടധാരണം. രോഹിതിന്റെ അരസെഞ്ചുറി നിർണായകമായി. കഴിഞ്ഞ നാല്‌ വർഷത്തിനിടെ മൂന്ന്‌ കിരീടമായിരുന്നു അവർക്ക്‌. ഇക്കുറി ഹാട്രിക്‌ കിരീടമാണ്‌ ലക്ഷ്യം.

കരുത്ത്‌
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാൻമാരുടെ നിരയാണ്‌ മുംബൈക്ക്‌. ക്യാപ്‌റ്റൻ രോഹിത്‌ ആണ്‌ അതിൽ ഒന്നാമൻ. ട്വന്റി–-20യിൽ ഇന്ത്യൻ ടീമിനായി ഈ വർഷം അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവും ഇഷാൻ കിഷനും ബാറ്റിങ്‌ നിരയുടെ മുതൽക്കൂട്ടാണ്‌. ഓസ്‌ട്രേലിയയുടെ കൂറ്റനടിക്കാരൻ ക്രിസ്‌ ലിൻ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്‌, വെസ്‌റ്റിൻഡീസ് താരം കീറൺ പൊള്ളാർഡ്‌ എന്നിവർക്കുപുറമെ ഹാർദിക്‌ പാണ്ഡ്യയും ക്രുണാൾ പാണ്ഡ്യയും ചേരുന്നതോടെ ഈ‌ നിര സമ്പൂർണമാകും.

ബൗളിങ്‌ നിരയിലാകട്ടെ പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ സാന്നിധ്യമാണ്‌ ശ്രദ്ധേയം. കൂട്ടിന്‌ ന്യൂസിലൻഡ്‌ പേസർ ട്രെന്റ് ബോൾട്ടുമുണ്ട്‌.  ഹാർദികുംകൂടി പന്തെറിഞ്ഞാൽ പേസ്‌ നിരയിൽ മറ്റ്‌ ആശങ്കകളില്ല. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറും ടീമിന്റെ ഭാഗമാണ്‌. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ബോൾട്ടായിരുന്നു മാൻ ഓഫ്‌ ദി മാച്ച്‌. ബുമ്ര–-ബോൾട്ട്‌ സഖ്യം എതിരാളികൾക്ക്‌ ഭീഷണി ഉയർത്തും. ആദം മിൽനെ, മാർകോ ജോൺസൺ എന്നിവർ പുതുതായെത്തി. ഓൾ റൗണ്ടറായി കിവീസ്‌ താരം ജിമ്മി നീഷവുമുണ്ട്‌.
 
ദൗർബല്യം

സ്‌പിൻനിരയിൽ മുംബൈക്ക്‌ വിശ്വാസം പോര. മധ്യ ഓവറുകളിൽ കൂടുതൽ റൺ വഴങ്ങുന്നതിന്റെ റെക്കോഡ്‌ മുംബൈക്കാണ്‌.
ക്രുണാളും രാഹുൽ ചഹാറുമാണ്‌ ടീമിലെ സ്‌പിന്നർമാർ. പീയുഷ്‌ ചൗളകൂടി സ്‌പിൻ നിരയിലുണ്ടെങ്കിലും ടീമിന്‌ പൂർണമായും വിശ്വാസമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top