KeralaLatest News

കണ്ണൂരിൽ സിപിഎം ഓഫീസുകള്‍ക്കു നേരെ വ്യാപക അക്രമം, തീവയ്‌പ്പ്, കൊടിമരങ്ങൾ നശിപ്പിച്ചു

നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

തലശേരി : ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാലിലെ മന്‍സൂറിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ വ്യാപക അക്രമം. ഇന്നലെ രാത്രി എട്ടു മണിയോടെ പെരിങ്ങത്തൂര്‍ മേഖലയിലാണ് അക്രമമുണ്ടായത്. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ എന്നിവ തീവെച്ച്‌ നശിപ്പിച്ചു.  ബാവാച്ചി റോഡില്‍, സി.പി.എമ്മിന്റെ പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും കീഴ്‌മാടം, കൊച്ചിയങ്ങാടി ബ്രാഞ്ച് ഓഫീസുകള്‍ക്കു നേരെയും അക്രമമുണ്ടായി.

ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്ത ശേഷം അക്രമികള്‍ തീവച്ചു നശിപ്പിച്ചു. പെരിങ്ങത്തൂരിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരവും ആക്രമിക്കപ്പെട്ടു. ഈ മേഖലയിലെ സി.പി.എം പതാകകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎമ്മും ലീഗും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ ആരോപിച്ചു. പാനൂര്‍ പുല്ലൂക്കരയില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ലീഗും സിപിഎമ്മും ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്നാണ്.

read also: മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് എം.സി കമറുദ്ദീന്‍

ഇരുവരും ബോംബും മാരകായുധങ്ങളുമായി സംഘടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കള്ളവോട്ട് ഇരുവരും മത്സരിച്ച്‌ ചെയ്തു. കാഴ്ചയുള്ളവരെ ഭീഷണിപ്പെടുത്തി കാഴ്ചയില്ലെന്ന് പറയിപ്പിച്ച്‌ ഓപ്പണ്‍ വോട്ടുകള്‍ വ്യാപകമായി ചെയ്തു. ഇതിനെ തുടര്‍ന്ന് പല സമയത്തായി ഇരുവരും സംഘടിച്ച്‌ പരസ്പരം ഏറ്റുമുട്ടി .

രാത്രി പൂല്ലൂക്കരയില്‍ ഇരുവരും വീണ്ടും ആയുധങ്ങളുമായി സംഘടിച്ച്‌ സംഘര്‍ഷം സൃഷ്ടിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ലീഗ്പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട് – കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു. കൊലപാതകത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Post Your Comments


Back to top button